ചെന്നൈ: തമിഴ്നാട് മുന്‍മന്ത്രി കെ.സി. വീരമണിയുടെ വീട്ടുവളപ്പില്‍ 551 ലോഡ് മണല്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി. ഇതിന് 33 ലക്ഷം രൂപ വിലവരും. ജോലാര്‍പ്പേട്ടുള്ള വീടിന് പിന്‍വശത്താണ് മണല്‍ സൂക്ഷിച്ചിരുന്നത്. വിജിലന്‍സ് പരിശോധനയില്‍ 275 ലോഡ് മണലും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ 276 ലോഡുമാണ് പിടികൂടിയത്. 

കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരില്‍ വാണിജ്യനികുതിവകുപ്പ് മന്ത്രിയായിരുന്നു. വീരമണിയുടെയും ബന്ധുക്കളുടെയും വീട്ടീലും സ്ഥാപനത്തിലും കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ വിജിലന്‍സ് പരിശോധനയില്‍ 34 ലക്ഷം രൂപ, അഞ്ച് കിലോ സ്വര്‍ണാഭരണങ്ങള്‍, ഒമ്പത് ആഡംബര കാറുകള്‍, വസ്തുപ്രമാണങ്ങള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മണല്‍ കണ്ടെത്തിയത്. 2016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലത്ത് വരവില്‍ കവിഞ്ഞ് 28.7 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് വീരമണിയുടെ പേരിലുള്ള കേസ്.