കളമശ്ശേരി: അതിഥിത്തൊഴിലാളികളെക്കൊണ്ട് ബിവറേജസിൽനിന്ന് മദ്യം വാങ്ങിപ്പിച്ച് അമിത വിലയ്ക്ക് വിറ്റിരുന്ന കളമശ്ശേരി പള്ളിലാംകര സ്വദേശി പ്യാരിലാലിനെയും കൂട്ടാളികളെയും നാട്ടുകാർ പിടികൂടി. ഇവർ ഒളിപ്പിച്ചുവെച്ചിരുന്ന 54 കുപ്പി വിദേശ മദ്യവും പിടികൂടി.

ലഹരിവസ്തുക്കളുടെ വിൽപ്പനയെക്കുറിച്ചുള്ള നിരന്തര പരാതിയെത്തുടർന്ന് വാർഡ് കൗൺസിലർ ജമാൽ മണക്കാടന്റെ നേതൃത്വത്തിൽ ജനകീയ ജാഗ്രതാ സമിതി രൂപവത്‌കരിച്ചിരുന്നു. സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ ഹിദായത്ത് നഗറിൽ താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ വീടുകൾ പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. മദ്യം കൈവശംവെച്ചിരുന്ന ബംഗാൾ സ്വദേശികളായ സൂര്യപ്രഭാൻ, രമേഷ് മാജി എന്നിവരെ പിടികൂടി കളമശ്ശേരി പോലീസിനെ ഏൽപ്പിച്ചു.

പോലീസിന്റെ ചോദ്യംചെയ്യലിൽ പ്യാരിലാൽ ആണ് മദ്യം വാങ്ങിനൽകുന്നതെന്ന് ഇവർ അറിയിച്ചു. തുടർന്ന് ജനകീയ ജാഗ്രതാ സമിതി അംഗങ്ങൾതന്നെ പ്യാരിലാലിനെ തേടിയിറങ്ങി. സംഭവമറിഞ്ഞ് ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്യാരിലാലിനെ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ തന്ത്രപരമായി വെട്ടിച്ചു കടന്നു. തുടർന്ന് യുവാക്കൾ ഇരുചക്രവാഹനത്തിൽ പിന്തുടർന്ന് റോക്ക് വെൽ റോഡിൽവെച്ച് പിടികൂടി. പോലീസെത്തി ഓട്ടോ ഡ്രൈവറേയും പ്യാരിലാലിനേയും കസ്റ്റഡിയിൽ എടുത്തു.