പരവൂർ:പരവൂരിൽ ചാരായവിൽപ്പനക്കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ വാറ്റുനടത്തുന്നതിനിടെ വീണ്ടും പിടിയിലായി. കൂനയിൽ മുന്നാഴിപടിഞ്ഞാറ്റതിൽ ബിനു(മഞ്ചു-43)വിനെയാണ് എക്സൈസും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.

ഒരുലിറ്റർ ചാരായവും 50 ലിറ്ററോളം കോടയും വാറ്റാനുപയോഗിച്ച പ്രഷർകുക്കറും മറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു.

ഒരാഴ്ചമുമ്പ് ഇയാളെ മരച്ചീനിക്കച്ചവടത്തിനിടെ വാറ്റുചാരായം വിൽപ്പന നടത്തിയതിന് പരവൂർ പോലീസ് അറസ്റ്റുചെയ്തിരുന്നു.

കോവിഡ് രോഗവ്യാപനം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ മൂന്നുദിവസം കഴിഞ്ഞു ജാമ്യം നൽകി. പുറത്തിറങ്ങിയശേഷവും വാറ്റിലേക്കുതിരിയുകയായിരുന്നു. പരവൂർ ചന്തയിൽ മരച്ചീനിക്കച്ചവടവും നടത്തുന്നുണ്ട്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എസ്.നിഷാദ്, ആർ.ജി.വിനോദ്, സിവിൽ ഓഫീസർമാരായ ടി.ആർ.ജ്യോതി, രാഹുൽരാജ്, അനിൽ, ബിനോജ്, പോലീസ് എസ്.ഐ.മാരായ ഗോപൻ, ഷൂജ, എ.എസ്.ഐ. ഹരിസോമൻ, ലിജു തുടങ്ങിയവർ പങ്കെടുത്തു.

വ്യാജവാറ്റും വിൽപ്പനയും വ്യാപകം

ശാസ്താംകോട്ട : കോവിഡിനെ തുടർന്നുള്ള അടച്ചിടലിൽ കുന്നത്തൂർ താലൂക്കിൽ വ്യാജവാറ്റും വിൽപ്പനയും വ്യാപകമാകുന്നു. മദ്യശാലകൾ അടച്ചതോടെ ഉൾഗ്രാമങ്ങളിൽ ഒറ്റയ്ക്കും സംഘംചേർന്നുമുള്ള ചാരായം വാറ്റ് സജീവമായി. തൊഴിൽമേഖലകൾ നിശ്ചലമായതും ഒരുവിഭാഗത്തെ ചാരായം വാറ്റിനു പ്രേരിപ്പിക്കുകയാണ്. കൂടാതെ സ്വയം വാറ്റിക്കുടിക്കുന്നവരുടെ എണ്ണവും വർധിച്ചു. വാറ്റും വിൽപ്പനയും വ്യാപകമായതോടെ എക്സൈസ് പരിശോധന ശക്തമാക്കി. പോലീസ് നടത്തുന്ന വാഹനപരിശോധനയ്ക്കിടെ ചാരായവുമായി നിരവധിപേർ അറസ്റ്റിലായതും വാറ്റ് സജീവമാകുന്നതിന്റെ തെളിവാണ്. നിരോധിത പുകയില ഉത്‌പന്നങ്ങളുടെയും ഹാൻസിന്റെയും വിൽപ്പനയും വർധിച്ചിട്ടുണ്ട്.

നടത്തിയത് 140 റെയ്‌ഡ്

രണ്ടാംഘട്ട അടച്ചിടൽ പ്രഖ്യാപിച്ചശേഷം ശാസ്താംകോട്ട എക്സൈസ് സംഘം നടത്തിയത് 140 റെയ്‌ഡുകളാണ്. 13 അബ്കാരി കേസുകളെടുത്തു. 45 ലിറ്റർ ചാരായവും 1200 ലിറ്റർ കോടയും 40 ലിറ്റർ വ്യാജ വിദേശമദ്യവും പിടിച്ചെടുത്തു. നിരോധിത പുകയില ഉത്‌പന്നങ്ങൾ കൈവശംവെച്ചതിന് 500 കേസുകളാണെടുത്തത്. കൂടാതെ ലഹരിപദാർഥമായ 100 കിലോ ഹാൻസും പിടികൂടി.

എക്സൈസിന്റെ പിടിയിലായവർ

പാവുമ്പ ചിറയ്ക്കൽ കണ്ണമ്പള്ളി വടക്ക് രഞ്ജിത്ത്, താമരക്കുളം ചത്തിയറ വാഴവിള പടീറ്റതിൽ വിഷ്ണു എന്നിവരുടെ പക്കൽനിന്ന് 40 കുപ്പി വ്യാജ വിദേശമദ്യമാണ് പിടികൂടിയത്. കാറിലും സ്കൂട്ടറിലുമായി ചാരായം വിൽപ്പനയ്ക്കു കടത്തുമ്പോഴാണ് പിടിക്കപ്പെട്ടത്. പടിഞ്ഞാറെ കല്ലട ചെമ്പ് ഏലായിൽനിന്ന് 260 ലിറ്റർ കോട പിടിച്ചു. സമീപവാസിയായ ബിജുവിനെ പ്രതിയാക്കി കേസെടുത്തു. മുട്ടച്ചരുവിൽ വാഹനപരിശോധനയ്ക്കിടെ രണ്ട് ലിറ്റർ ചാരായവുമായി മൈനാഗപ്പള്ളി സ്വദേശികളായ ശരത്, സോനു എന്നിവരെയും അറസ്റ്റ് ചെയ്തു. വലിയപാടം സ്വദേശി പ്രദീപിന്റെ വീട്ടിൽനിന്ന് 50 ലിറ്റർ കോട പിടികൂടി. പനപ്പെട്ടിയിൽ വീട് വാടകയ്ക്കെടുത്ത് ചാരായം വാറ്റി വിൽപ്പന നടത്തിവന്ന ഹരിലാൽ, സൂര്യജിത്ത്, വിഷ്ണു എന്നീ യുവാക്കളിൽനിന്നു ലഭിച്ചത് 20 ലിറ്റർ വാറ്റുചാരായവും 150 ലിറ്റർ കോടയുമാണ്. മൈനാഗപ്പള്ളി സ്വദേശികളായ സദ്ദാം ഹുസൈൻ, ഷെഫീക്ക്, കക്കാക്കുന്ന് സ്വദേശികളായ ബാബു, രാധാകൃഷ്ണപിള്ള എന്നിവരിൽനിന്നാണ് 100 കിലോ ഹാൻസ് പിടികൂടിയത്.

പരിശോധിക്കാൻ പോലീസും

ശാസ്താംകോട്ട പോലീസ് നടത്തിയ വാഹനപരിശോധനയിൽ ഒരാഴ്ചയ്ക്കിടെ ചാരായവുമായി മൂന്നുപേരാണ് വിവിധ സ്ഥലങ്ങളിൽ അറസ്റ്റിലായത്. ഒൻപത് ലിറ്ററോളം ചാരായം പിടിച്ചെടുത്തു. സ്കൂട്ടറിൽ ചാരായവിൽപ്പന നടത്തിയ മൈനാഗപ്പള്ളി സ്വദേശികളായ അരുൺ, റെജി, ഷെഫീക്ക് എന്നിവരാണ് പിടിയിലായത്. കുന്നത്തൂർ തുരുത്തിക്കര ഇമ്മാനുവേൽ പള്ളിക്ക് സമീപമുള്ള പുരയിടത്തിൽനിന്ന് 175 ലിറ്റർ കോട കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തുരുത്തിക്കരയിൽ വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം പള്ളിക്കൽ സ്വദേശി ശ്രീക്കുട്ടനെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.

വാറ്റുകാരുടെ ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥന് പരിക്ക്

കടയ്ക്കൽ : പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ വാറ്റുകാരുടെ സംഘം ആക്രമിച്ചു. ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ മാസ്റ്റർ ചന്തുവിന് പരിക്കേറ്റു. അദ്ദേഹത്തെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആറ്റുപുറം പാലോണത്തെ വാറ്റുകേന്ദ്രത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ഇവിടെ വാറ്റ് നടക്കുന്നുണ്ടെന്ന് അറിഞ്ഞാണ് എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ പരിശോധനയ്ക്കെത്തിയത്. എക്സൈസ് സംഘത്തെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചവരെ പിടികൂടുന്നതിനിടയിലാണ് ഉദ്യോഗസ്ഥന് വിറകുകൊള്ളികൊണ്ട് മർദനമേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് പാലോണം ബിനുഭവനിൽ ബിനു(39)വിനെ കസ്റ്റഡിയിലെടുത്തു. നാലുപേർ ഓടിരക്ഷപ്പെട്ടു. ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു.