ഇരിങ്ങാലക്കുട: വിദേശത്തുള്ള ഉടമ അറിയാതെ ഫ്‌ളാറ്റിനുള്ളില്‍ ചാരായം വാറ്റ് നടത്തിയ യുവാവിനേയും സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തു. മാപ്രാണം കുഴിക്കാട്ടുകോണം സ്വദേശി തേറാട്ട് വീട്ടില്‍ സനോജ് (32), സഹായിയും ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനുമായ പാലക്കാട് കൊല്ലംകോട് മുതലമട സ്വദേശി ഞണ്ടന്‍കഴയത്ത് വാസു (56) എന്നിവരെയാണ് ഡിവൈ.എസ്.പി. പി.ആര്‍. രാജേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തത്.

ലോക്ഡൗണ്‍ സമയത്ത് ജോലിയില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അലട്ടിയപ്പോഴാണ് പെട്ടെന്ന് പണമുണ്ടാക്കാന്‍ ചാരായം വാറ്റി വില്‍പ്പന ആരംഭിച്ചതെന്ന് സനോജ് പോലീസിനോട് പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ ഒരാള്‍ ചാരായം എത്തിച്ച് കൊടുക്കുന്നുണ്ടെന്ന് തൃശ്ശൂര്‍ റൂറല്‍ എസ്.പി. ജി. പൂങ്കുഴലിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ സമീപമുള്ള ഒരു ഫ്‌ളാറ്റില്‍ ചാരായം വാറ്റികൊണ്ടിരുന്ന സനോജിനേയും സഹായിയേയും പോലീസ് പിടികൂടിയത്.

സംഘത്തില്‍ എ.എസ്.ഐ.മാരായ സുജിത്ത്, ജോയി, ജസ്റ്റിന്‍, വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിഷി സിദ്ധാര്‍ഥന്‍, സി.പി.ഒ.മാരായ വൈശാഖ് മംഗലന്‍, നിധിന്‍, ബാലു എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.