കുണ്ടംകുഴി: മദ്യവില്‍പനയുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണത്തിനെത്തിയ എക്‌സൈസ് സംഘം യുവാവിന്റെ കൈയില്‍നിന്ന് തോക്ക് പിടിച്ചെടുത്തു. കുണ്ടംകുഴി നിടുംബയലിലെ കെ.വി.അനില്‍കുമാറി(49)ന്റെ കൈയില്‍നിന്നാണ് ഒറ്റക്കുഴല്‍ തോക്ക് പിടിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് പരിശോധനയ്‌ക്കെത്തിയത്. എക്‌സൈസ് സംഘത്തെ കണ്ടതോടെ അനില്‍കുമാര്‍ വീട്ടില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്നും പിന്തുടര്‍ന്ന് പിടികൂടിയപ്പോഴാണ് കൈയില്‍ തോക്ക് കണ്ടെത്തിയതെന്നും എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി.സുരേഷ് പറഞ്ഞു.

ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ ബാബുപ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.എ.പ്രഭാകരന്‍, പി.മഹേഷ്, ഡ്രൈവര്‍ പ്രവീണ്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്‌ക്കെത്തിയത്.

നേരത്തെ കോവിഡ് ബാധിതനായിരിക്കുമ്പോള്‍ രണ്ടുതവണ മാനദണ്ഡം ലംഘിച്ചതിന് ഇയാളുടെ പേരില്‍ കേസെടുത്തിരുന്നു. തോക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ പിടിച്ചെടുത്തതായി ബേഡകം ഇന്‍സ്‌പെക്ടര്‍ ടി.ദാമോദരന്‍ പറഞ്ഞു. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.