ആളൂർ: കണ്ണിക്കരയിൽ വീടിന് പുറകിൽ പതിവായി ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്നത് പോലീസെത്തി പിടികൂടി. 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വാറ്റിക്കൊണ്ടിരുന്ന വീട്ടുടമ പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.

ചാതേലിൽ ജോജുവിന്റെ വീടിന് പുറകിലാണ് വൻതോതിൽ ചാരായം വാറ്റാനുള്ള സജ്ജീകരണം ഒരുക്കിയിരുന്നത്.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.ആർ. രാജേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് രാത്രിയിൽ ആളൂർ പോലീസ് പരിശോധിച്ചത്. കാടുപിടിച്ച പറമ്പിൽ വാഷ് കലക്കിവെച്ചിരുന്നു. വാട്സാപ്പിൽ ഓർഡർ എടുത്തശേഷം വീടിന് പുറകിൽ വാറ്റിയാണ് വിൽപ്പന നടത്തിയിരുന്നത്.

അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ആളൂർ എസ്.ഐ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ രഘു, പ്രദീപ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻമാരായ ഫൈസൽ കോറോത്ത്, കെ.എസ്. ശ്രീജിത്ത്, റിസൺ, പോലീസുദ്യോഗസ്ഥരായ അനീഷ്, അരുൺ, മുരളി, ജോബി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.