ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഓണ്‍ലൈനിലൂടെ ശല്യപ്പെടുത്തുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ബിഹാറിലെ പട്‌ന ഗൗരി ബസാര്‍ സ്വദേശിയായ മഹാവീറിനെയാണ് ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഐ.ഐ.ടി. വിദ്യാര്‍ഥിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. 

വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രതി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യംചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ ശല്യംചെയ്യല്‍ തുടരുകയായിരുന്നു. അമ്പതോളം സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പുറമേ ഡല്‍ഹിയിലെ പ്രമുഖ സ്‌കൂളുകളിലെ അധ്യാപികമാരും ഇയാള്‍ക്കെതിരേ പരാതിപ്പെട്ടിരുന്നു. 

ഐ.ഐ.ടി.യില്‍ ബി.ടെക്ക് വിദ്യാര്‍ഥിയായ മഹാവീര്‍ ഡല്‍ഹിയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായാണ് ആദ്യം ഓണ്‍ലൈനില്‍ പരിചയപ്പെടുന്നത്. പിന്നീട് ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ ഈ കുട്ടിയുടെ സുഹൃത്തുക്കളുമായും സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഈ ശൃംഖല പിന്നീട് വളരെ വലുതായെന്നാണ് പോലീസ് പറയുന്നത്. ഇന്‍സ്റ്റഗ്രാമിലും മറ്റു സാമൂഹികമാധ്യമങ്ങളിലും നിരവധി വ്യാജ അക്കൗണ്ടുകളും ഇയാള്‍ക്കുണ്ടായിരുന്നു. ഇതുവഴിയാണ് കുട്ടികളെ ശല്യംചെയ്തിരുന്നത്. ഇവരുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഭീഷണിപ്പെടുത്തുകയും ചെയ്തു. 

വാട്‌സാപ്പിലും മറ്റും ഇന്റര്‍നെറ്റ് നമ്പറുകളില്‍നിന്നാണ് ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നത്. ശബ്ദം തിരിച്ചറിയാതിരിക്കാന്‍ വോയിസ് ചെയ്ഞ്ചിങ് ആപ്പുകളും ഉപയോഗിച്ചു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് അയച്ചുനല്‍കുകയും ചെയ്തു. കുട്ടികളെ ഭീഷണിപ്പെടുത്തി സ്‌കൂളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും പ്രവേശിച്ചു. ഓണ്‍ലൈന്‍ ക്ലാസിന്റെയും വാട്‌സാപ്പ് ഗ്രൂപ്പിന്റെയും ലിങ്കുകള്‍ ഭീഷണിപ്പെടുത്തിയാണ് വാങ്ങിയത്. ഇതിലൂടെ ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശിച്ചും പ്രശ്‌നങ്ങളുണ്ടാക്കി. ഇതോടെയാണ് പോലീസിന് മുന്നില്‍ പരാതിയെത്തിയത്. 

പിടിയിലായ പ്രതിക്ക് വിവിധ ആപ്പുകളെ സംബന്ധിച്ചും മറ്റും നല്ല അറിവുണ്ടെന്ന് പോലീസ് പറഞ്ഞു. ആളെ തിരിച്ചറിയാതിരിക്കാന്‍ ഇന്റര്‍നെറ്റ് നമ്പറുകളില്‍നിന്നാണ് പ്രതി കുട്ടികളെ വിളിച്ചിരുന്നത്. ഇതിനായി പലവിധ ആപ്പുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇയാളില്‍നിന്ന് ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 

Content Highlights: iit student arrested for harassing school students in social media