ഗുവാഹട്ടി:  സഹപാഠിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗുവാഹട്ടി ഐഐടിയിലെ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഐഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വകുപ്പിലെ വിദ്യാര്‍ഥിയെയാണ് പെണ്‍കുട്ടിയുടെയും ഐഐടി അധികൃതരുടെയും പരാതിയില്‍ പോലീസ് പിടികൂടിയത്. 

ഗുജറാത്ത് സ്വദേശിയായ പെണ്‍കുട്ടിയെ സഹപാഠിയായ വിദ്യാര്‍ഥി ഹോളി ആഘോഷത്തിനിടെ പീഡിപ്പിച്ചെന്നാണ് ആരോപണം. മാര്‍ച്ച് 29-നായിരുന്നു സംഭവം. ഹോളി ആഘോഷത്തിനായി ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ടുപോയ തനിക്ക് മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കിയെന്നും അബോധാവസ്ഥയിലായതോടെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. 

പീഡനത്തിനിരയായ പെണ്‍കുട്ടിയെ പിന്നീട് ഗുവാഹട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഐഐടിയിലെ ആഭ്യന്തര അന്വേഷണസമിതിയും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഐഐടി അധികൃതരും പോലീസില്‍ പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 

Content Highlights: iit guwahati student arrested for molesting girl student iit g hostel