തൊടുപുഴ:  ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ നിഖില്‍ പൈലി പിടിയില്‍. ഇടുക്കി കരിമണലില്‍നിന്ന് ബസില്‍ യാത്രചെയ്യുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. വിദ്യാര്‍ഥികളെ അക്രമിച്ചശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു. 

അതേസമയം, ഇടുക്കി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി ധീരജിന്റെ കൊലപാതകം ആസൂത്രിതമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ജില്ലാ പോലീസ് മേധാവി പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണവും പരിശോധനകളും തുടരുകയാണ്. നിഖില്‍ പൈലിയാണ് സംഭവത്തിന് പിന്നിലെന്നാണ് നിലവിലെ സംശയം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാലേ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നകാര്യമടക്കം വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കുത്തേറ്റ ധീരജിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് വാഹനം വിട്ടുനല്‍കിയില്ലെന്ന ആരോപണവും ജില്ലാ പോലീസ് മേധാവി നിഷേധിച്ചു. എവിടെനിന്നാണ് ആരോപണം വന്നതെന്ന് അറിയില്ല. കുട്ടികളോട് സംസാരിച്ചപ്പോഴും ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാമ്പസില്‍ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായും എസ്.പി. പറഞ്ഞു. 

തിങ്കളാഴ്ച കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കാമ്പസിന് പുറത്തുവെച്ച് ധീരജിനും മറ്റുരണ്ടുപേര്‍ക്കും കുത്തേറ്റത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കാമ്പസിനുള്ളില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. ഏഴാം സെമസ്റ്റര്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Content Highlights: idukki sfi worker dheeraj murder case main suspect nikhil paily in police custody