അടിമാലി: ഒപ്പംതാമസിച്ചിരുന്ന സിന്ധുവിനെ കൊന്ന് തെളിവുകള്‍ തേച്ചുമായ്ച്ചു കളയാന്‍ വന്‍ തിരക്കഥ തന്നയായിരുന്നു ബിനോയി ഒരുക്കിയെടുത്തത്. നിയമങ്ങളേക്കുറിച്ചുള്ള അറിവും ക്രിമിനല്‍ പശ്ചാത്തലവുമെല്ലാം തിരക്കഥയെ ശക്തിപ്പെടുത്താന്‍ ഉപയോഗിച്ചു. എന്നാല്‍, കൊടുംക്രൂരത പുറത്തുവരുക തന്നെ ചെയ്തു. ബിനോയി അഴിക്കുള്ളിലായി. പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ ബിനോയി കൊടുംക്രൂരത മറയ്ക്കാനായി കണക്കുകൂട്ടിയതൊക്കെ തെറ്റി.

'ലൈഫ്'ലോങ് പ്ലാനിങ്

ഏലക്കാടുകള്‍ക്ക് നടുക്ക് ഷെഡ് പോലൊരു വീട്ടിലാണ് ബിനോയിയും സിന്ധുവും താമസിച്ചിരുന്നത്. ഈ വീടിന്റെ അടുക്കളയിലാണ് സിന്ധുവിന്റെ മൃതദേഹം കുഴിച്ചുമൂടിയത്. ഈ ഭാഗത്ത് തറയും കെട്ടി. സംശയങ്ങള്‍ തനിക്കുനേരേ നീണ്ടപ്പോള്‍ ബിനോയി നാടുവിട്ടു. 18 ദിവസം കഴിഞ്ഞിട്ടും മൃതദേഹം കണ്ടെത്താതിരുന്നതോടെ ഒരു പദ്ധതിയുമായാണ് ബിനോയി തിരികെവന്നത്. കൊലപാതകത്തിന് ഒരാഴ്ച മുന്‍പ് ബിനോയിക്ക് ലൈഫ് ഭവനപദ്ധതിപ്രകാരം മൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് ഇപ്പോഴുള്ള വീട് പൊളിച്ചുപണിയണം.

മൃതദേഹാവശിഷ്ടങ്ങള്‍ ആരും കാണാതെ കാട്ടിലോ അണക്കെട്ടിലോ ഉപേക്ഷിക്കണം. സിന്ധുവിന്റെ ഇളയമകന് അടുക്കള കെട്ടിനേക്കുറിച്ച് സംശയമുണ്ടായതായി ബിനോയി മനസ്സിലാക്കിയിരുന്നു. അതിനാല്‍ എത്രയും പെട്ടെന്ന് മൃതദേഹം മാറ്റണമെന്ന് മനസ്സില്‍കരുതി. എന്നാല്‍, ബിനോയി തിരിച്ച് ഇടുക്കിയില്‍ കാല്‍ കുത്തിയ ദിവസം തന്നെ സിന്ധുവിന്റെ മൃതദേഹം കണ്ടെടുത്തു.

കൂട്ട് നിയമപുസ്തകങ്ങള്‍

വിവരാവകാശം നല്‍കി കരസ്ഥമാക്കിയ രേഖകള്‍ ഉപയോഗിച്ച് പോലീസുകാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ ബിനോയി പലവട്ടം പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ വീട് പരിശോധിച്ചപ്പോള്‍ ക്രിമിനല്‍ നിയമങ്ങള്‍, പോലീസ് ആക്റ്റ്, സി.ആര്‍.പി.എസ്. നിയമങ്ങള്‍ അടങ്ങിയ പുസ്തകള്‍ ഇവിടെനിന്ന് കണ്ടെത്തിയിരുന്നു. വെള്ളത്തൂവല്‍ സ്റ്റേഷനില്‍മാത്രം ബിനോയിക്കെതിരേ എട്ട് കേസുകള്‍ നിലവില്‍ ഉണ്ട്. കൊലപാതകത്തിന് ശേഷമുള്ള പോലീസ്, കോടതി നടപടി ക്രമങ്ങളിലും അറിവുണ്ട്.

Content Highlights: Idukki panikkankudi sindhu murder case, follow up