അടിമാലി: ബിനോയിയുമായി അകലാന്‍ശ്രമിച്ചതാണ് പണിക്കന്‍കുടിയിലെ സിന്ധുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന.

സിന്ധു അടുത്തിടെ തന്റെ ഭര്‍ത്താവിനെ കാണാന്‍ പോയിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും മടങ്ങിവന്നില്ല. ഇതേച്ചൊല്ലി ബിനോയിയും സിന്ധുവും തമ്മില്‍ ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. ഇളയമകനെ കൊലപ്പെടുത്തുമെന്ന് ബിനോയി ഭീഷണിപ്പെടുത്തിയിരുന്നു. അങ്ങനെയാണ് സിന്ധു വീണ്ടും പണിക്കന്‍കുടിയില്‍ എത്തിയത്. ഈ വിവരങ്ങള്‍ കഴിഞ്ഞ മാസം 11-ന് സിന്ധു മകളോട് പറഞ്ഞിരുന്നു.

ഇതിനുശേഷമാണ് ഈ ക്രൂരകൃത്യം ബിനോയി നടത്തിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ബിനോയി ഉടന്‍ പോലീസിന്റെ പിടിയിലാകുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

മൃതദേഹം പുറത്തെടുത്തത് ക്ഷതമേല്‍ക്കാതെ

കാണാതായ സിന്ധുവിന്റെ മൃതദേഹം പുറത്തെടുത്തത് ബന്ധുക്കളുടെ സാന്നിധ്യത്തില്‍. ശനിയാഴ്ച രാവിലെ ഒന്‍പതുമണിക്ക് തന്നെ ഇടുക്കി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുക്കാന്‍ പ്രദേശവാസികളായ മൂന്നുപേരുടെ സഹായം തേടി. മൃതദേഹത്തിന് ക്ഷതമേല്‍ക്കാത്ത രീതിയില്‍ ഒന്നര മണിക്കൂര്‍ നടത്തിയ ശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. 

മൃതദേഹം കുഴിച്ചെടുത്ത് നടത്തിയ പരിശോധനയില്‍ അമ്മയുടെ മുക്കുത്തി കണ്ട് ഇളയ മകന്‍ അഖില്‍ മൃതദേഹം തിരിച്ചറിഞ്ഞു. ജീര്‍ണിച്ച് വിവസ്ത്രയായി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ മുഖം പ്ലാസ്റ്റിക് കവര്‍കൊണ്ട് മൂടിയിരുന്നു. കുഴിയിലാകമാനം മുളക് പൊടി വിതറിയിട്ടുണ്ട്. പുതിയ അടുപ്പുതറ പണിത് അതിന് നടുവില്‍ വൃത്തത്തില്‍ കുഴി ഉണ്ടാക്കി അതില്‍ മൃതദേഹം ഇറക്കിവെച്ച് മണ്ണിട്ട് മൂടുകയായിരുന്നു. ഇതിന് മുകളില്‍ അടുപ്പ് നിര്‍മിച്ചു.

കുഴിക്ക് മുകളില്‍ പാചകവും

പ്രതിയെന്ന് സംശയിക്കുന്ന ബിനോയി ഈ അടുപ്പില്‍ ഭക്ഷണം പാകംചെയ്ത് കഴിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഒളിവില്‍ പോയ വീട്ടുടമയായ പണിക്കന്‍കുടി മാണികുന്നേല്‍ ബിനോയിക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Read Also: അടുക്കള പഴയപോലയല്ല, കുട്ടി തറപ്പിച്ചുപറഞ്ഞു; പോലീസ് നായ വന്നിട്ടും തുമ്പില്ല; ദൃശ്യം മോഡല്‍ കൊല.....

ഇയാള്‍ ഫോണ്‍ ഉപേക്ഷിച്ചതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. വിരലടയാള വിദഗ്ധ ധനുജയും ഇടുക്കിയില്‍നിന്നുള്ള പോലീസ് നായ സ്‌ക്വാഡും പരിശോധന നടത്തി. മൃതദേഹത്തിന് 25 ദിവസത്തെ പഴക്കമുണ്ട്. ഇടുക്കി ഡിവൈ.എസ്.പി. ഇമ്മാനുവേല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ മാസം 12 മുതലാണ് ബിനോയ്‌ക്കൊപ്പം താമസിച്ചിരുന്ന സിന്ധുവിനെ കാണാതായത്. കഴിഞ്ഞ മാസം 15-ന് വെള്ളത്തൂവല്‍ പോലീസില്‍ വല്യമ്മ പരാതി നല്‍കി. പോലീസ് അന്വേഷണം മന്ദഗതിയിലായതോടെ സിന്ധുവിന്റെ ബന്ധുക്കള്‍ ബിനോയിയുടെ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ല് ഒരെണ്ണം ഒടിഞ്ഞിട്ടുണ്ട്. മറ്റ് വാരിയെല്ലുകള്‍ക്ക് ക്ഷതം സംഭവിച്ചു. ദേഹമാസകലം ക്ഷതം ഏറ്റതായും കോട്ടയം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ വെള്ളത്തൂവല്‍ പോലീസിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, അന്വേഷണത്തില്‍ പോലീസ് അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് ശനിയാഴ്ചയും ബന്ധുക്കള്‍ രംഗത്തുവന്നു.

Content Highlights: idukki panikkankudi sindhu murder case