തൊടുപുഴ: ഇടുക്കി ധീരജ് വധക്കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കീഴടങ്ങി. ടോണി, ജിതിന്‍ ഉപ്പുമാക്കല്‍ എന്നിവരാണ് അഭിഭാഷകര്‍ക്കൊപ്പമെത്തി കുളമാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ഇരുവരെയും വൈകാതെ ധീരജ് വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് കൈമാറും. 

വ്യാഴാഴ്ച കീഴടങ്ങിയ രണ്ടുപേരും കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളാണ്. ഇവരുടെ പേര് ഇതുവരെ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നില്ല. ധീരജിനെയും മറ്റുള്ളവരെയും ആക്രമിച്ചപ്പോള്‍ നിഖില്‍ പൈലിക്കൊപ്പം ഇവരും സംഭവസ്ഥലത്തുണ്ടായിരുന്നു. 

ധീരജ് വധക്കേസില്‍ ഇതുവരെ രണ്ടുപ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന നാലുപേരെയും പോലീസ് കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പ്രതികളെയും കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. 

Content Highlights: idukki dheeraj murder case two surrendered in police station