ഇടുക്കി: മാട്ടുക്കട്ടയിൽ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ധന്യ(21)യെ ഭർത്താവ് അമൽ ബാബു(27) മർദിച്ചിരുന്നതായി മാതാപിതാക്കൾ. സംഭവത്തിൽ അമൽ ബാബുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തെങ്കിലും പോലീസ് തുടക്കത്തിൽ അലംഭാവം കാണിച്ചതായും മാതാപിതാക്കൾ ആരോപിച്ചു.

മാർച്ച് 29-നാണ് ധന്യയെ ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്നുതന്നെ ധന്യയുടെ അച്ഛൻ ജയപ്രകാശ് പോലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ പോലീസ് അന്വേഷണത്തിൽ ലാഘവം കാണിച്ചെന്നാണ് ഇവരുടെ ആരോപണം. തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയതോടെയാണ് കഴിഞ്ഞ ദിവസം അമൽ ബാബുവിനെ അറസ്റ്റ് ചെയ്തതെന്നും ജയപ്രകാശ് പറഞ്ഞു.

കൂടുതൽ സ്ത്രീധന തുക ആവശ്യപ്പെട്ട് അമൽ ബാബു മിക്ക ദിവസങ്ങളിലും മർദിച്ചിരുന്നതായി ധന്യ പറഞ്ഞിരുന്നു. ചില കാര്യങ്ങളൊന്നും അവൾ ഞങ്ങളോട് പറയുകയും ചെയ്തില്ല. വിവാഹസമയത്ത് സ്ത്രീധനമായി പത്ത് ലക്ഷം രൂപയുടെ മുതലാണ് നൽകിയത്. കുഞ്ഞുണ്ടായപ്പോൾ കാർ വാങ്ങാനും രണ്ട് ലക്ഷം രൂപ നൽകി. കാർ വേണമെന്ന് വാശി പിടിച്ചാണ് പണം വാങ്ങിയത്. എന്നാൽ പിന്നീടും പല ആവശ്യങ്ങൾ പറഞ്ഞ് അമൽ പണം ആവശ്യപ്പെട്ടിരുന്നതായും അമലിന് സംശയരോഗം ഉണ്ടായിരുന്നതായും ജയപ്രകാശ് പറഞ്ഞു.

ധന്യ ഫോണിൽ സംസാരിക്കുന്നതെല്ലാം അമൽ സംശയത്തോടെയാണ് നോക്കിയിരുന്നതെന്ന് ധന്യയുടെ മാതാവും പ്രതികരിച്ചു. അവൾ ഫോണിൽ വിളിക്കുമ്പോഴെല്ലാം സംശയമായിരുന്നു. എത്ര നേരം സംസാരിച്ചു, ആരെ വിളിച്ചു എന്നൊക്കെ ഫോണിൽ പരിശോധിക്കും. പ്രസവിച്ച ശേഷം ഇവിടെ കഴിയുന്നതിനിടെയും അവളെ ഫോണിൽ വിളിച്ച് വഴക്കിട്ടിരുന്നു. നീ പോയി ചാകടീ എന്ന് അവളോട് ഫോണിൽ പറഞ്ഞത് ഞാൻ കേട്ടതാണ്. അന്ന് അമലിന്റെ അമ്മയാണ് ധന്യ തൂങ്ങിമരിച്ചെന്ന് എന്നെ ഫോണിൽ വിളിച്ച് പറഞ്ഞത്. അത് ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. ഞങ്ങൾ ഓടിച്ചെന്ന് അവിടെ എത്തിയപ്പോൾ മൃതദേഹമൊന്നും വീട്ടിലുണ്ടായിരുന്നില്ല.ആ ജനൽ കണ്ടാൽ തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല- ധന്യയുടെ അമ്മ പറഞ്ഞു.

നിലവിൽ ഗാർഹിക പീഡനക്കുറ്റം ചുമത്തിയാണ് അമൽ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ധന്യയ്ക്ക് ശാരീരിക,മാനസിക പീഡനങ്ങൾ ഏൽക്കേണ്ടിവന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് അറിയിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:idukki dhanya death husband amal babu arrested dhanya parents reveals more details