ഇടുക്കി: അണക്കര ഏഴാംമൈലില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതി ജോമോളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച ഉച്ചയോടെയാണ് പോലീസ് സംഘം പ്രതിയുമായി സംഭവസ്ഥലത്ത് എത്തിയത്. തുടർന്ന് യുവാവിനെ ആക്രമിക്കാൻ ഉപയോഗിച്ച വെട്ടുകത്തി ഇവരുടെ വീടിന് സമീപത്തെ പറമ്പിൽനിന്ന് കണ്ടെടുത്തു. തെളിവെടുപ്പിന് ശേഷം പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയി.

രാവിലെ നടത്തിയ ചോദ്യംചെയ്യലിൽ ജോമോൾ കുറ്റംസമ്മതിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമിക്കാനായാണ് വെട്ടുകത്തിയുമായി യുവാവിന് നേരേ പാഞ്ഞടുത്തത്. എന്നാൽ തടയാൻ ശ്രമിച്ചപ്പോൾ യുവാവിന്റെ കൈയ്ക്ക് വെട്ടേൽക്കുകയായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പ്രതി പറഞ്ഞതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കൃത്യം നടത്തിയ ശേഷം വെട്ടുകത്തി പറമ്പിൽ ഒളിപ്പിച്ചശേഷമാണ് പ്രതി രക്ഷപ്പെട്ടത്. ഇത് ജോമോൾ തന്നെ പോലീസിന് കാണിച്ചുകൊടുത്തു.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് വീടിനുസമീപം മാലിന്യം തള്ളിയതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ ജോമോൾ അയൽവാസിയായ മനുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ ജോമോളും കുടുംബവും രക്ഷപ്പെട്ടിരുന്നു. ഇവരുടെ ബന്ധുവീടുകളിൽ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മൊബൈൽ ഫോൺ വീട്ടിൽവച്ചുതന്നെ സ്വിച്ച് ഓഫ് ചെയ്തതും അന്വേഷണത്തിന് തിരിച്ചടിയായി.

ജോമോൾ ജില്ലയ്ക്കുപുറത്തേക്ക് രക്ഷപ്പെട്ടന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാൽ, ഈ കുടുംബവുമായി അടുപ്പം പുലർത്തിയിരുന്ന യുവാവുമായി, ഇവരെ രക്ഷപ്പെടുത്താനെന്ന വ്യാജേന പോലീസ് ബന്ധം സ്ഥാപിച്ചു.ശനിയാഴ്ച ഉച്ചയോടെ ഇവർ നെടുങ്കണ്ടം ഭാഗത്തെ ബന്ധുവീട്ടിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് ഇവിടെനിന്നാണ് ശനിയാഴ്ച രാത്രിയോടെ ജോമോളെ കുമളി പോലീസ് അറസ്റ്റ് ചെയ്തത്.

Content Highlights:idukki anakkara hand chopping case evidence taking with accused jomol