അടിമാലി: പണിക്കന്‍കുടിയില്‍ യുവതിയെ കൊന്ന് അടുപ്പില്‍ കുഴിച്ചിട്ട കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ബിനോയിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇടുക്കി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. സംഘം കേരളത്തിലും സമീപത്തെ സംസ്ഥാനങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്. ബിനോയി കര്‍ണ്ണാടകത്തില്‍ നേരത്തെ ജോലിക്ക് പോയിട്ടുണ്ട്.

ബിനോയി ആദ്യഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഫോണും സിം കാര്‍ഡും ഉപേക്ഷിച്ചെന്നാണ് പോലീസ് കരുതുന്നത്. ഇപ്പോള്‍ കൈവശം എ.ടി.എം. കാര്‍ഡ് ഉണ്ട്. ഈ വഴിക്കാണ് ഇപ്പോള്‍ അന്വേഷണം. ഇതിനിടെ കോടതികളിലോ വക്കീല്‍ ഓഫീസുകളിലോ കീഴടങ്ങുവാനുള്ള നീക്കവും പോലീസ് തള്ളികളയുന്നില്ല.

കൊലപാതകത്തില്‍ ബിനോയിയെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വിവിധ കേസുകളില്‍ അന്യസംസ്ഥാനത്തുനിന്ന് പ്രതികളെ പിടികൂടി മികവ് തെളിയിച്ച സംഘമാണ് ഈ കേസും അന്വേഷിക്കുന്നത്. അതിനാല്‍ പോലീസ് മേധാവികളും ശുഭ പ്രതീക്ഷയിലാണ്. ഇതിനിടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയ സിന്ധുവിന്റെ മൃതദേഹം സംസ്‌കരിച്ചു.

സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചത് വിനയായി

ബിനോയിക്കെതിരെയുള്ള പരാതി ഊര്‍ജിതമായി അന്വേഷിക്കണമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് ലോക്കല്‍ പോലീസ് അവഗണിച്ചതായി ആക്ഷേപം. ഒളിവില്‍ കഴിയുന്ന ബിനോയിക്കെതിരേ വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ മാത്രം ഏഴ് കേസുകള്‍ നിലവില്‍ ഉണ്ട്. ഇടുക്കിയില്‍ അക്ഷയ കേന്ദ്രത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതടക്കം വേറേയും കേസുകള്‍ ഉണ്ട്. ജില്ലയിലെ വേറെ സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസുണ്ടെന്ന് പോലീസ് പറയുന്നു.

ഇതിനാല്‍ സിന്ധുവിന്റെ അമ്മയുടെ പരാതി കാര്യക്ഷമായി അന്വേഷിക്കണമെന്ന് പരാതി ലഭിച്ചയുടന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതാണ്.

എന്നാല്‍, 15-ന് വീട്ടിലെത്തിയ പോലീസ് ബിനോയിയോട് അടുത്തദിവസം സ്റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശിച്ച് പോയി. എന്നാല്‍, 16-ന് ബിനോയി സ്റ്റേഷനില്‍ എത്തിയില്ല. വീട്ടില്‍ ഉണ്ടായിരുന്ന ഏലക്കായ് വിറ്റ് പുറ്റടിയിലെത്തി അവിടെനിന്ന് 17-ന് തമിഴ്‌നാട്ടിലേക്ക് കടന്നു. ഇതിന് സാഹചര്യം ഒരുക്കിയത് വെള്ളത്തൂവല്‍ പോലീസാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.