അടിമാലി:  ഇടുക്കി ആനച്ചാലില്‍ ആറുവയസ്സുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് പോലീസ്. കൊല്ലപ്പെട്ട അല്‍ത്താഫിന് പുറമേ കുട്ടിയുടെ മാതാവായ സഫിയ, മുത്തശ്ശി സൈനബ, സഹോദരി ആഷ്മി എന്നിവരെയും വകവരുത്താനാണ് പ്രതി ഷാന്‍ (സുനില്‍ഗോപി) പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിയുമായി തിങ്കളാഴ്ച തെളിവെടുപ്പ് നടത്തി. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയിരുന്നത്. പോലീസ് വാഹനത്തില്‍നിന്ന് പുറത്തിറക്കിയപ്പോള്‍ നാട്ടുകാര്‍ ആക്രോശിച്ച് പ്രതിക്ക് നേരേ പാഞ്ഞെടുത്തു. തുടര്‍ന്ന് കനത്ത സുരക്ഷാവലയത്തിലാണ് തെളിവെടുപ്പ് നടന്നത്. 

ഞായറാഴ്ച പുലര്‍ച്ചെയാണ് ആനച്ചാല്‍ ആമക്കണ്ടം റിയാസിന്റെ മകന്‍ അല്‍ത്താഫിനെ ബന്ധുവായ ഷാന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് അല്‍ത്താഫിന്റെ മാതാവ് സഫിയ, മുത്തശ്ശി സൈനബ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. അല്‍ത്താഫിന്റെ സഹോദരി ആഷ്മി സമീപത്തെ ഏലത്തോട്ടത്തില്‍ ഒളിച്ചിരുന്നാണ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത്. 

പരിക്കേറ്റ സഫിയയുടെ സഹോദരി ഷൈലയുടെ ഭര്‍ത്താവാണ് ഷാന്‍. ഇവരുടെ കുടുംബത്തിലുണ്ടായിരുന്ന പ്രശ്‌നങ്ങളും അതിര്‍ത്തി തര്‍ക്കങ്ങളുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. 

പത്തുസെന്റ് ഭൂമിയിലെ മൂന്ന് ഷെഡ്ഡുകളിലാണ് ബന്ധുക്കളായ മൂന്ന് കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. ഒരുവീട്ടില്‍ സഫിയയും രണ്ട് മക്കളും, സമീപം സഫിയയുടെ സഹോദരി ഷൈല, താഴെയുള്ള ഷെഡ്ഡില്‍ അമ്മ സൈനബ എന്നിങ്ങനെയാണ് താമസിച്ചിരുന്നത്. സഫിയയുടെ ഭര്‍ത്താവ് മൂന്നുവര്‍ഷമായി മൂന്നാറിലാണ്. സഹോദരിമാര്‍ തമ്മിലുള്ള കലഹംമൂലം ഷൈല അടുത്തിടെ ഇവിടെനിന്ന് താമസംമാറി.

പ്രതി ഷാന്‍, കുടുംബ കലഹത്തെത്തുടര്‍ന്ന് ഭാര്യ ഷൈലയുമായി അകന്നുകഴിയുകയായിരുന്നു. ഈ അകല്‍ച്ചയ്ക്ക് കാരണം ഭാര്യയുടെ സഹോദരിയും മാതാവുമാണെന്ന് ഷാന്‍ വിശ്വസിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ ഇയാള്‍ ഭാര്യയുമായി ഒരുമിച്ച് ജീവിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഫലംകണ്ടില്ല. ആദ്യവിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് ഷാന്‍ ഷൈലയെ വിവാഹം കഴിച്ചത്. രണ്ടാമത്തെ വിവാഹബന്ധവും പ്രശ്‌നങ്ങളില്‍ കലാശിച്ചതോടെ പ്രതി ഏറെ അസ്വസ്ഥനായിരുന്നു. തുടര്‍ന്നാണ് തന്റെ കുടുംബജീവിതം തകരാന്‍ കാരണമായെന്ന് കരുതിയവരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. 

ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ പ്രതി ഭാര്യാസഹോദരി സഫിയയുടെ വീട്ടിലെത്തി. വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ സഫിയയെയും ഉറങ്ങിക്കിടന്ന അല്‍ത്താഫിനെയും ഷാന്‍ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. നിങ്ങളെ തീര്‍ത്ത് വന്നാലെ ഭാര്യ സ്വീകരിക്കൂ എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്. 

ഏലത്തോട്ടത്തിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടെ നടപ്പാതയില്ല. പകല്‍പോലും ഇവിടേക്ക് ആരുമെത്താറില്ല. രക്ഷപ്പെട്ട പെണ്‍കുട്ടി അയല്‍വാസികളെ അറിയിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. സഫിയയുടെയും അല്‍ത്താഫിന്റെയും തലയ്ക്കടിച്ച പ്രതി അവിടെനിന്നും ചുറ്റികയുമായി താഴെ സൈനബയും ആഷ്മിയും ഉറങ്ങിക്കിടന്നിരുന്ന ഷെഡ്ഡിലെത്തി. സൈനബയുടെ തലയിലും ദേഹത്തും മുഖത്തും ചുറ്റികകൊണ്ട് അടിച്ചു. ബഹളംകേട്ട് ആഷ്മി ഉണര്‍ന്നു. അവള്‍ ഉച്ചത്തില്‍ കരഞ്ഞു. ഇതോടെ പ്രതി ഷാന്‍, ആഷ്മിയെ വലിച്ചിഴച്ച് അടുത്തവീട്ടിലെത്തിച്ച് രക്തത്തില്‍ കുളിച്ചുകിടക്കുന്ന സഫിയയെയും അല്‍ത്താഫിനെയും കാണിച്ചുകൊടുത്തു. വീണ്ടും വലിച്ചിഴച്ച് വീടിന് താഴെയുള്ള വിജനമായ സ്ഥലത്തെത്തിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടയില്‍, ആഷ്മി ഓടിരക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് പെണ്‍കുട്ടി അയല്‍വാസിയെ വിവരം അറിയിച്ചത്. നാട്ടുകാരാണ് പരിക്കേറ്റ മൂവരെയും ആശുപത്രിയിലെത്തിച്ചത്.

Content Highlights: idukki adimali boy murder case evidence taking with accused