മുംബൈ: മഹാരാഷ്ട്രയില്‍ അസിസ്റ്റന്റ് ബാങ്ക് മാനേജറായ യുവതിയെ ബാങ്കിനുള്ളില്‍ കയറി കുത്തിക്കൊന്നു. ആക്രമണത്തില്‍ മറ്റൊരു ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. വിരാറിലെ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ ഈസ്റ്റ് ശാഖയിലാണ് ദാരുണമായ സംഭവമുണ്ടായത്. ബാങ്കിലെ അസിസ്റ്റന്റ് മാനേജറായ യോഗിത വര്‍ത്തക് ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ കാഷ്യര്‍ ശ്രദ്ദ ദേവ്രുഖര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ ഇതേ ബാങ്ക് ശാഖയിലെ മുന്‍ മാനേജറായ അനില്‍ ദുബെയെ പോലീസ് അറസ്റ്റ് ചെയ്തു. 

വ്യാഴാഴ്ച രാത്രി 8.30-ഓടെയാണ് ബാങ്കില്‍ ആക്രമണമുണ്ടായത്. ഈ സമയം അസിസ്റ്റന്റ് മാനേജറായ യോഗിതയും ശ്രദ്ദയും മാത്രമേ ബാങ്കിലുണ്ടായിരുന്നുള്ളൂ. രാത്രി 8.30-ഓടെ അനില്‍ ദുബെയും മറ്റൊരാളും ബാങ്കിനുള്ളിലേക്ക് അതിക്രമിച്ചുകയറുകയും ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ബാങ്കിലെ പണവും ആഭരണങ്ങളും തങ്ങള്‍ക്ക് കൈമാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. ജീവനക്കാരായ രണ്ട് യുവതികളും ഈ സമയം ഒച്ചവെയ്ക്കുകയും അക്രമികളെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതികള്‍ ഇരുവരെയും കുത്തിപരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞത്. 

ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന ജീവനക്കാരെയാണ് ബാങ്കിനുള്ളില്‍ കണ്ടത്. ഉടന്‍തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും യോഗിതയുടെ ജീവന്‍ രക്ഷിക്കാനായില്ല. 

സംഭവവുമായി ബന്ധപ്പെട്ട് ഇതേ ബാങ്കിലെ മുന്‍ മാനേജറായ അനില്‍ ദുബെയെ പിടികൂടിയതായി പോലീസ് പറഞ്ഞു. നിലവില്‍ മറ്റൊരു ബാങ്കില്‍ ജോലിചെയ്യുന്ന അനില്‍ ദുബെ ഒരു കോടി രൂപ വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാനായാണ് ബാങ്ക് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. ഇയാളുടെ കൂട്ടാളിക്കായി തിരച്ചില്‍ തുടരുകയാണെന്നും യോഗിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു. 

Content Highlights: icici bank virar branch assistant manager yogita vartak stabbed to death