ഇരിട്ടി: ഒളിപ്പിച്ചുവെച്ച ബോംബ് പൊട്ടി പരിക്കേൽക്കുന്ന നിരപരാധികളിൽ കുട്ടികളും ഉൾപ്പെട്ടിട്ടും രാഷ്ട്രീയക്കാരുടെ കണ്ണ് തുറക്കുന്നില്ല. തില്ലങ്കേരിയിൽ ചൊവ്വാഴ്ച കളിച്ചുകൊണ്ടിരിക്കെ ബോളാണെന്ന് കരുതി ഐസ് ക്രീം ബോംബ് വീട്ടിനുള്ളിൽവെച്ച് തട്ടികളിക്കുമ്പോൾ പൊട്ടി സഹോദരങ്ങളായ അഞ്ചു വയസുകാരനും രണ്ടു വയസുകാരനും പരിക്കേറ്റതാണ് കഴിഞ്ഞദിവസമുണ്ടായ സംഭവം.

മൂന്ന് നാല് കുട്ടികൾ ഒന്നിച്ച് കളിക്കുന്നതിനിടയിലാണ് വീട്ടിന് സമീപത്തെ പറമ്പിൽനിന്ന് ബോളിന്റെ രൂപത്തിലുള്ള ഐസ് ക്രീം ബോംബ് കുട്ടികൾക്ക് കിട്ടിയത്. ഇത് വീട്ടിൽ കൊണ്ടുപോയി അകത്തുവെച്ച് തട്ടിക്കളിക്കുന്നതിനിടയിലാണ് പൊട്ടിയത്. ബോംബിന് പഴക്കം ഉള്ളതുകൊണ്ടാണ് ശക്തി കുറഞ്ഞതും വൻ ദുരന്തം ഒഴിവായതും.

Read Also:ഐസ്ക്രീം ബോംബ് പൊട്ടി സഹോദരങ്ങളായ പിഞ്ചുകുട്ടികൾക്ക് പരിക്ക്...

തില്ലങ്കേരിയിൽ ഇത് മൂന്നാംതവണയാണ് നിരപരാധികൾ ബോംബ് രാഷ്ട്രീയത്തിന്റെ ഇരകളാകുന്നത്. പടിക്കച്ചാലിലും രണ്ട് സമാനസംഭവങ്ങൾ ഉണ്ടായി. വർഷങ്ങൾക്ക് മുമ്പ് അമാവാസി എന്ന നാടോടി ബാലൻ ആക്രിസാധനങ്ങൾ പെറുക്കി ഉപജീവനം തേടുന്നതിനിടയിൽ ബോംബ് പൊട്ടി കണ്ണ് നഷ്ടപ്പെട്ടിരുന്നു.

തില്ലങ്കേരി മേഖലയിൽ രാഷ്ട്രീയ എതിരാളികളെ പേടിപ്പെടുത്താൻ ഇടയ്ക്കിടെ സ്ഫോടനം നടത്താറുണ്ട്. അടുത്തകാലത്ത് ഇതിനല്പം ശമനമുണ്ടായിരുന്നു. എങ്കിലും മുൻകാലങ്ങളിൽ ഉണ്ടാക്കി ഒളിപ്പിച്ചുവെച്ച ബോംബുകൾ ഇനിയും ഏറെ ഉണ്ടെന്നാണ് തില്ലങ്കേരിയിൽ ചൊവ്വാഴ്ച ഉണ്ടായ സംഭവം തെളിയിക്കുന്നത്. ജനവാസ മേഖലയിലും കൃഷിയിടത്തിലും ഒളിപ്പിച്ച നിരവധി ബോംബുകൾ പോലീസ് കണ്ടെത്തി നിർവീര്യമാക്കിയിട്ടുണ്ട്. എല്ലാറ്റിനും കേസ് രജിസ്റ്റർ ചെയ്യുന്നതല്ലാതെ പിന്നിട് ഒന്നും നടക്കാറില്ല.