ഹൈദരാബാദ്: ഭാര്യയെയും മക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവാവ് ജീവനൊടുക്കി. ഹൈദരാബാദിലെ പ്രമുഖ കമ്പനിയില്‍ ജോലിചെയ്യുന്ന പ്രദീപ്(40) ആണ് ഭാര്യ സ്വാതി(35)യെയും ആറും രണ്ടും വയസ്സുള്ള മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. 

തിങ്കളാഴ്ച രാവിലെയാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. ശനിയാഴ്ച മുതല്‍ ഇവരെ പുറത്തുകാണാതിരുന്ന അയല്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചതോടെ പോലീസെത്തി വാതില്‍ പൊളിച്ച് വീട്ടില്‍ പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയിലായിരുന്നു നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചാണ് മരണമെന്നും പോലീസ് പറഞ്ഞു. 

ശനിയാഴ്ചയോ ഞായറാഴ്ചയോ മരണം സംഭവിച്ചിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. വിഷം കലര്‍ത്തിയ ഭക്ഷണം ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കിയ ശേഷം ഇതേ ഭക്ഷണം കഴിച്ചാണ് പ്രദീപും ജീവനൊടുക്കിയത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് പ്രദീപിനെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. സാമ്പത്തികപ്രശ്‌നങ്ങള്‍ വിശദീകരിച്ചും അതുകൊണ്ട് താന്‍ ആര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയും പ്രദീപ് പിതാവിന് എഴുതിയ കത്തും പോലീസ് കണ്ടെടുത്തു. 


(ശ്രദ്ധിക്കുക: മാനസികബുദ്ധിമുട്ടുകള്‍ നേരിടുന്നെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: hyderabad techie commits suicide after killing his wife and children