ഹൈദരാബാദ്: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് ടെക്കി യുവതിയെ യുവാവ് ഫ്‌ളാറ്റില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. ഹൈദരാബാദ് ലക്ഷ്മി നഗര്‍ കോളനിയില്‍ താമസിക്കുന്ന 29-കാരിക്കാണ് കുത്തേറ്റത്. നെഞ്ചിലും വയറിലും കുത്തേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ ആക്രമിച്ച സല്‍മാന്‍ ഷാരൂഖ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 

നര്‍സിങ്കി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസം രാത്രി 7.40 ഓടെയായിരുന്നു സംഭവം. യുവതി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ മതില്‍ചാടി കടന്നാണ് ഇയാള്‍ ഫ്‌ളാറ്റിലെത്തിയത്. തുടര്‍ന്ന് വാതില്‍ തുറന്നയുടന്‍ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് യുവതിയെ കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അയല്‍ക്കാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. 

സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറായ യുവതിയും പ്രതിയും തമ്മില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പരസ്പരം പരിചയമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ, ഷാരൂഖ് പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും യുവതി നിരസിച്ചിരുന്നു. കഴിഞ്ഞയാഴ്ച യുവാവിനെതിരേ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് യുവതിക്ക് നേരേ ആക്രമണമുണ്ടായത്. 

Content Highlights: hyderabad techi woman stabbed at home by jilted lover