ഹൈദരാബാദ്: ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കായി വ്യാപക തിരച്ചില്‍. സൈദാബാദ് സ്വദേശി പല്ലക്കോണ്ട രാജുവിനായാണ് തെലങ്കാനയിലും അയല്‍സംസ്ഥാനങ്ങളിലും ഉള്‍പ്പെടെ പോലീസ് അന്വേഷണം നടത്തുന്നത്. അതിനിടെ, പ്രതിയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. പ്രതിയുടെ കൂടുതല്‍ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. 

സെപ്റ്റംബര്‍ ഒമ്പതിനാണ് സൈദാബാദിലെ ആറ് വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയുടെ അര്‍ധനഗ്നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ രാജുവിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. എന്നാല്‍ പല്ലക്കോണ്ട രാജു ഇതിനോടകം വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. 

കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ആറ് വയസ്സുകാരിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം രാജു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇയാളെ പിടികൂടാന്‍ കഴിയാത്തതില്‍ പോലീസിനെതിരേ വലിയ വിമര്‍ശനമാണുയരുന്നത്. 

പ്രതിയെ കണ്ടെത്താന്‍ വിപുലമായ തിരച്ചില്‍ നടത്തിയിട്ടും കാര്യമായ വിവരങ്ങള്‍ ലഭിക്കാതായതോടെയാണ് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇയാളുടെ ചിത്രങ്ങളും അടയാളങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഒരുവയസ്സുള്ള കുട്ടിയുടെ പിതാവാണ് രാജു. 30 വയസ്സ് പ്രായമുള്ള ഇയാളുടെ ഉയരം 5.9 അടിയാണ്. റബ്ബര്‍ബാന്‍ഡ് ഉപയോഗിച്ച് കെട്ടിവെയ്ക്കുന്ന നീളന്‍മുടിയാണുള്ളത്. മിക്കപ്പോഴും കഴുത്തിലൂടെ ഒരു ചുവന്ന ഷാളും തലയില്‍ തൊപ്പിയും ധരിച്ചിരിക്കും. രണ്ടുകൈകളിലും മൗനിക എന്ന് പച്ചകുത്തിയിട്ടുണ്ട്. പതിവായി മദ്യപിക്കുന്ന ഇയാള്‍ പലപ്പോഴഉം ബസ് സ്റ്റാന്‍ഡുകളിലും നടപ്പാതകളിലുമാണ് കിടന്നുറങ്ങാറുള്ളതെന്നും പോലീസ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. 

അന്വേഷണത്തിന്റെ ഭാഗമായി രാജുവിന്റെ ബന്ധുക്കളെ വിശദമായി ചോദ്യംചെയ്‌തെന്നും ഇയാള്‍ക്കൊപ്പം അവസാനം കണ്ടയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ക്യാമറകള്‍ അരിച്ചുപെറുക്കിയിട്ടും രാജുവിന്റെ വളരെക്കുറച്ച് ദൃശ്യങ്ങള്‍ മാത്രമേ പോലീസിന് ലഭിച്ചിട്ടുള്ളൂ. രാജുവിനെക്കുറിച്ച് ഇതുവരെ ഒരുവിവരവും ലഭിച്ചിട്ടില്ല. ഇയാളെ അവസാനം കണ്ടത് എല്‍.ബി. നഗര്‍ മേഖലയിലാണെന്നും ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

അതിനിടെ, രാജുവിനെ കണ്ടെത്താന്‍ തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കോര്‍പ്പറേഷന്‍ എം.ഡി. വി.സി. സജ്ജനാര്‍ പ്രതികരിച്ചു. കോര്‍പ്പറേഷനിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും രാജുവിന്റെ ചിത്രം സഹിതമുള്ള നോട്ടീസുകള്‍ കോര്‍പ്പറേഷന്‍ സംസ്ഥാനമാകെ പതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മദ്യപിച്ച് ബസ് സ്റ്റാന്‍ഡുകളില്‍ കിടന്നുറങ്ങുകയാണ് പ്രതിയുടെ പതിവ്. അതിനാല്‍ ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9490616366, 9490616627 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്നും സജ്ജനാര്‍ അഭ്യര്‍ഥിച്ചു. 2019-ല്‍ ഹൈദരാബാദില്‍ വനിതാ വെറ്റിറനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നാലുപ്രതികളെയും ഏറ്റുമുട്ടലില്‍ വധിച്ച പോലീസ് സംഘത്തിന്റെ തലവനായിരുന്നു സജ്ജനാര്‍. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ചെന്നായിരുന്നു അന്ന് സൈബരാബാദ് പോലീസ് കമ്മീഷണറായിരുന്ന സജ്ജനാറിന്റെ വിശദീകരണം. 

Content Highlights: hyderabad six year old girl rape and murder case police hunt for accused