ഹൈദരാബാദ്: നഗരത്തില്‍ രണ്ടാഴ്ചക്കിടെ മൂന്ന് പേരെ കൊലപ്പെടുത്തിയ സൈക്കോ സീരിയല്‍ കില്ലറെ പോലീസ് പിടികൂടി. ബൊറബാണ്ട സ്വദേശി മുഹമ്മദ് ഖദീറിനെയാണ് ഹൈദരാബാദ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. 2019-ല്‍ മറ്റൊരു കൊലക്കേസില്‍ അറസ്റ്റിലായ ഖദീര്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് മൂന്ന് പേരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

നവംബര്‍ ഒന്നാം തീയതിയാണ് നമ്പള്ളിയില്‍ രണ്ടുപേരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഒരു ടിഫിന്‍ സെന്ററിന്റെ മുന്‍വശത്തായിരുന്നു ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. നമ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപത്തെ നടപ്പാതയിലായിരുന്നു മറ്റൊരാളുടെ മൃതദേഹം. ഇരുവരും രാത്രി നഗരത്തിലെ നടപ്പാതയില്‍ കിടന്നുറങ്ങുന്നവരാണെന്നും രണ്ട് കൊലപാതകവും ഒരേ രീതിയിലാണെന്നും പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഖദീറിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതിന് പുറമേ ദിവസങ്ങള്‍ക്ക് മുമ്പ് മുര്‍ഗി മാര്‍ക്കറ്റിന് സമീപം ഒരാളെ കൊലപ്പെടുത്തിയത് താനാണെന്നും പ്രതി സമ്മതിച്ചു. 

150 രൂപയും മദ്യക്കുപ്പിയും മോഷ്ടിക്കാനായാണ് ടിഫിന്‍ സെന്ററിന് മുന്നില്‍ കിടന്നുറങ്ങിയ ആളെ കൊലപ്പെടുത്തിയതെന്നാണ് ഖദീറിന്റെ മൊഴി. ഒക്ടോബര്‍ 31-ന് രാത്രിയായിരുന്നു സംഭവം. വലിയ കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് കൃത്യം നടത്തിയത്. തുടര്‍ന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന 150 രൂപയും മദ്യക്കുപ്പിയും മോഷ്ടിച്ചു. പുലര്‍ച്ചെ 3.30-ഓടെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് എത്തി. ഇവിടെ കിടന്നുറങ്ങുകയായിരുന്ന ഒരാളോട് കിടക്കാന്‍ കുറച്ച് സ്ഥലം ചോദിച്ചു. എന്നാല്‍ ഇയാള്‍ ഇതിന് വിസമ്മതിച്ചതോടെ ഇയാളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

രണ്ടാഴ്ച മുമ്പ് നമ്പള്ളി മുര്‍ഗി മാര്‍ക്കറ്റില്‍വെച്ചും ഒരാളെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രതിയുടെ മറ്റൊരു വെളിപ്പെടുത്തല്‍. ഭിക്ഷക്കാരനായ 45-കാരനെ പണം നല്‍കാന്‍ വിസമ്മതിച്ചതിനാണ് കൊലപ്പെടുത്തിയതെന്നും പ്രതി പറഞ്ഞു. 

2019 ഡിസംബറില്‍ ഒരു ഭിക്ഷക്കാരനെ സമാനരീതിയില്‍ കൊലപ്പെടുത്തിയതിനാണ് ഖദീര്‍ നേരത്തെ അറസ്റ്റിലായിരുന്നത്. അടുത്തിടെയാണ് ഈ കേസില്‍ ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്നാണ് മൂന്ന് കൊലപാതകങ്ങള്‍ നടത്തിയതെന്നും പ്രതി ഒരു സൈക്കോ കില്ലറാണെന്നും ഹൈദരാബാദ് കമ്മീഷണര്‍ അഞ്ജാനി കുമാര്‍ പറഞ്ഞു. പ്രതിക്കെതിരേ പി.ഡി. ആക്ട് ചുമത്തുമെന്നും ജുഡീഷ്യല്‍ റിമാന്‍ഡിലിരിക്കെ തന്നെ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വാങ്ങിനല്‍കാന്‍ ശ്രമിക്കുമെന്നും ജോയന്റ് കമ്മീഷണര്‍ എ.ആര്‍.ശ്രീനിവാസും അറിയിച്ചു. 

Content Highlights: hyderabad serial killer arrested by police