ന്യൂയോർക്ക്: ഹൈദരാബാദ് സ്വദേശിയെ യു.എസിൽ കുത്തിക്കൊന്നു. കഴിഞ്ഞ പത്ത് വർഷമായി ജോർജിയയിൽ വ്യാപാരസ്ഥാപനം നടത്തുന്ന മുഹമ്മദ് ആരിഫ് മുഹിയുദ്ദീൻ(37) ആണ് കൊല്ലപ്പെട്ടത്. ജോർജിയയിൽ ഞായറാഴ്ചയായിരുന്നു സംഭവം.

ജോർജിയയിലെ വീടിന് മുന്നിൽവെച്ചാണ് അക്രമികൾ മുഹമ്മദ് ആരിഫിനെ കുത്തിക്കൊന്നത്. ശരീരമാസകലം നിരവധി തവണ കുത്തേറ്റതായാണ് റിപ്പോർട്ട്. ആരിഫിന്റെ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനടക്കമുള്ളവർ അക്രമിസംഘത്തിലുണ്ടായിരുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, ആരിഫിന്റെ അന്ത്യകർമങ്ങൾ ചെയ്യാനായി കുടുംബം കേന്ദ്ര സർക്കാരിന്റെ സഹായം തേടി. അന്ത്യകർമങ്ങൾ ചെയ്യാൻ ഹൈദരാബാദിലുള്ള ആരിഫിന്റെ ഭാര്യയെയും പിതാവിനെയും എമർജൻസി വിസയിൽ യു.എസിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അടിയന്തരമായി സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാനയിലെ മജ്ലിസ് ബച്ചാവോ തെഹ്രീക്ക് പാർട്ടി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും യു.എസിലെ ഇന്ത്യൻ എംബസിക്കും കത്തയച്ചു.

Content Highlights:hyderabad native stabbed to death in usa