ഹൈദരാബാദ്: മുംബൈ സന്ദർശനത്തിന് പണമുണ്ടാക്കാൻ രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ഇരുപത്തിരണ്ടുകാരിയായ ശെയ്ഖ് സോയാ ഖാൻ ആണ് അറസ്റ്റിലായത്. 45,000 രൂപയ്ക്കാണ് സ്വന്തം കുഞ്ഞിനെ യുവതി വിൽക്കാൻ തുനിഞ്ഞത്.
ഹൈദരാബാദിന് സമീപത്തുള്ള ഹബീബീനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞിനെ വീണ്ടെടുക്കാനും യുവതിയെ കസ്റ്റഡിയിലെടുക്കാനും പോലീസിന് സാധിച്ചു.
ഭർത്താവുമായി പിണങ്ങി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു യുവതി. കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തുന്ന ബുദ്ധിമുട്ട് യുവതിയെ അലട്ടിയിരുന്നു. കൂടാതെ മുംബൈ നഗരത്തിലേക്ക് പോകണമെന്ന് ഇവർ ദീർഘകാലമായി ആഗ്രഹിച്ചിരുന്നു. തുടർന്നാണ് കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചതെന്ന് യുവതി മൊഴി നൽകിയതായി പോലീസ് അറിയിച്ചു.
കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കുട്ടിയുടെ പിതാവ് അബ്ദുൾ മുജാഹീദ് പരാതിയുമായി ചൊവ്വാഴ്ച പോലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടിയുടെ അമ്മയേയും മറ്റ് അഞ്ച് പേരേയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ വാങ്ങിയ കുടുംബവും വിൽപനയിലെ ഇടനിലക്കാരനും അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടുന്നു.
ശിശുസംരക്ഷണ നിയമമനുസരിച്ച് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കുഞ്ഞിനെ പോലീസ് പിന്നീട് അച്ഛന് കൈമാറി.