ഹൈദരാബാദ്: കോളേജ് വിദ്യാർഥിനിയെ ഹോട്ടലിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളായ മൂന്ന് യുവാക്കളെയാണ് കുകടപള്ളി പോലീസ് പിടികൂടിയത്. കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പോലീസ് പറഞ്ഞു.

ഒക്ടോബർ അഞ്ചാം തീയതിയാണ് ഡിഗ്രി വിദ്യാർഥിനിയായ 19-കാരി കൂട്ടബലാത്സംഗത്തിനിരയായത്. ജന്മദിനാഘോഷമെന്ന പേരിൽ പെൺകുട്ടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് സുഹൃത്തുക്കൾ ബലാത്സംഗം ചെയ്തത്. സംഭവദിവസം രാവിലെ സെക്കന്ദരാബാദിലെ കോളേജിലേക്ക് ഫീസ് അടയ്ക്കാനായാണ് പെൺകുട്ടി വീട്ടിൽനിന്നിറങ്ങിയത്. കോളേജിന് സമീപംവെച്ച് മൂന്ന് മാസം മുമ്പ് പരിചയപ്പെട്ട സുഹൃത്തിനെ കണ്ടു. ഇന്ന് തന്റെ ജന്മദിനമാണെന്നും ആഘോഷത്തിൽ പങ്കുചേരണമെന്നും ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ മുഖേന പരിചയപ്പെട്ട മറ്റ് രണ്ട് യുവാക്കൾക്കൊപ്പം പെൺകുട്ടിയും ഹോട്ടലിലേക്ക് പോവുകയായിരുന്നു.

ആദ്യം സെക്കന്ദരാബാദിലെ ഹോട്ടലിൽവെച്ച് നാലുപേരും ബിരിയാണി കഴിച്ചു. ശേഷം കുകടപള്ളിയിലെ ഹോട്ടലിലേക്ക് കേക്ക് മുറിക്കാനെന്ന പേരിൽ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി. കേക്ക് മുറിച്ച യുവാക്കൾ ആദ്യത്തെ കഷണം പെൺകുട്ടിക്കാണ് നൽകിയത്. എന്നാൽ കേക്ക് കഴിച്ചതിന് പിന്നാലെ താൻ അബോധാവസ്ഥയിലായെന്നും പിന്നീട് ബോധം വീണ്ടെടുത്തപ്പോഴാണ് ബലാത്സംഗത്തിനിരയായെന്ന് ബോധ്യപ്പെട്ടതെന്നും പെൺകുട്ടി മൊഴി നൽകി. സംഭവത്തിന് ശേഷം പ്രതികൾ തന്നെയാണ് പെൺകുട്ടിയെ ഓട്ടോയിൽ വീട്ടിലാക്കിയത്. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിക്ക് വീണ്ടും ശാരിരീകാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതോടെയാണ് ബലാത്സംഗത്തിനിരയായെന്ന വിവരം വീട്ടുകാരോട് വെളിപ്പെടുത്തിയത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Content Highlights:hyderabad college student raped in hotel three accused arrested