ഹൈദരാബാദ്: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന്റെ പേരില്‍ ഹൈദരാബാദില്‍ ബാര്‍ ഡാന്‍സറെ നഗ്നയാക്കി മര്‍ദ്ദിച്ചുവെന്ന് പരാതി.

തെലുങ്ക് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള 25കാരിയാണ് പരാതിക്കാരിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഡാന്‍സ് ബാറിലെത്തിയ ചിലരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാല് സ്ത്രീകള്‍ അടക്കം അഞ്ച് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ബാര്‍ ഡാന്‍സറെ ആക്രമിച്ചുവെന്നാണ് പരാതി. ഡാന്‍സ് ബാറില്‍നിന്ന് ഇറങ്ങിയോടിയ യുവതിയെ പിന്തുടര്‍ന്ന് റോഡിലിട്ട് വിവസ്ത്രയാക്കി മര്‍ദ്ദിച്ചുവെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ചിലരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചുവെങ്കിലും വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണിത്.

സംഭവത്തില്‍ ഒരാള്‍ക്കും നാല് സ്ത്രീകള്‍ക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നാലുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍, മുഖ്യപ്രതിയെ പിടികൂടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സംഭവങ്ങളൊന്നും തങ്ങളുടെ അറിവോടെയല്ലെന്ന നിലപാടിലാണ് ഡാന്‍സ് ബാര്‍ ഉടമകള്‍. നഗരത്തിലെ ബാറുകളും പബ്ബുകളും അടക്കമുള്ളവ നിയമാനുസൃതമായാണോ പ്രവര്‍ത്തിക്കുന്നത് എന്നകാര്യം ഉറപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെലങ്കാന ഡി.ജി.പി സിറ്റി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: Bar dancer stripped, Hyderabad