നിലമ്പൂർ: ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ബംഗാളി തൊഴിലാളിയെ നിലമ്പൂർ പോലീസ് ഇൻസ്‌പെക്ടർ കെ.കെ. ഭൂപേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്‌ചെയ്തു. പശ്ചിമബംഗാളിലെ ബർദവാൻ ജില്ലയിലുള്ള കത്തുവ സ്വദേശി ജുഹിറുൽ ഇസ്‌ലാമിനെ(33)യാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ അറസ്റ്റ്‌ചെയ്തത്. ഭാര്യ മുഹ്‌സിമ ഹത്തൂമിനെ(21)യാണ് കൊല്ലാൻ ശ്രമിച്ചത്. ഇവർ ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച വൈകുന്നേരം പുറത്തുപോയ പ്രതി ഭക്ഷണവുമായി തിരിച്ചുവന്നപ്പോൾ വരാനെന്തേ വൈകിയതെന്ന ഭാര്യയുടെ ചോദ്യം ഇയാൾക്കിഷ്ടപ്പെട്ടില്ല. ഇതിലുള്ള വൈരാഗ്യത്തിൽ നിലമ്പൂർ മുക്കട്ടയിലെ വാടകവീട്ടിൽ സ്റ്റൗ കത്തിക്കാൻ കൊണ്ടുവെച്ചിരുന്ന ഡീസൽ എടുത്ത് ഭാര്യയുടെ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. യുവതിയുടെ ഇടതുഭാഗമാണ് കത്തിയത്. നാട്ടുകാർ ഓടിയെത്തിയാണ് യുവതിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലുമാക്കിയത്.
യുവാവിനെ നാട്ടുകാർ പിടിച്ചുവെച്ച് പോലീസിലറിയിക്കുകയായിരുന്നു. നിലമ്പൂർ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ചെയ്തു.
Content Highlights: husband tried to kill wife