കാഞ്ഞിരടുക്കം (പെരിയ): ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ചു കൊന്ന ശേഷം ഭർത്താവ് പോലീസിൽ കീഴടങ്ങി. ഇരിയ കാഞ്ഞിരടുക്കത്തെ കല്യാണി(48)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ഭർത്താവ് ഗോപാലകൃഷ്ണൻ (69) അമ്പലത്തറ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗോപാലകൃഷ്ണൻ ആക്രമിക്കുന്നത് തടയാൻ ചെന്ന മകൾ ശരണ്യ(25)യെയും ഇയാൾ അടിച്ചുവീഴ്ത്തി. ശരണ്യയെ മംഗളൂരുവിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. കുടുംബശ്രീ യോഗത്തിൽ പങ്കെടുത്ത് കല്യാണി വീട്ടിലേക്ക് തിരിച്ചുവന്നപ്പോഴാണ് അപ്രതീക്ഷിത ആക്രമണം. േഗാപാലകൃഷ്ണൻ വിറകുകഷ്ണവുമായി പിറകിലെത്തി ഇവരെ അടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാൾ മദ്യപിച്ചതായി പരിശോധനയിൽ വ്യക്തമായി.
അടിയേറ്റ് നിലത്ത് വീണുകിടന്ന കല്യാണിയെ അയൽവാസികൾ ഓടിയെത്തി കാഞ്ഞങ്ങാട്ടെ ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. സ്ഥിരം മദ്യപനാണ് ഗോപാലകൃഷ്ണനെന്ന് നാട്ടുകാർ പറഞ്ഞു. മദ്യപിച്ചെത്തി പതിവായി കലഹമുണ്ടാക്കാറുണ്ടെന്നും ഇവർ പോലീസിന് മൊഴി നൽകി. അമ്പലത്തറ എസ്.ഐ.മാരായ എം.ഗംഗാധരൻ, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുത്തു. ചൊവ്വാഴ്ച കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ മൃതദേഹ പരിശോധന നടക്കും.
പരേതരായ കുഞ്ഞമ്പു നായരുടെയും പേറച്ചിയമ്മയുടെയും മകളാണ് കല്യാണി. മറ്റുമക്കൾ: ശരത് (ഓട്ടോ ഡ്രൈവർ), ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: കമല, രാധ.
Content Highlights: husband killed wife in periya