കിളിമാനൂർ: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. കിളിമാനൂർ അടയമൺ ചെമ്പകശ്ശേരി ആറ്റൂർ പള്ളിക്കു സമീപം സൽമിയ മൻസിലിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്ന ഷീബയാണ് കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ആയൂർ മഞ്ഞപ്പാറ കല്ലിടുക്കിൽ വീട്ടിൽ ഷാനവാസ്(55) അറസ്റ്റിലായി.
വെള്ളിയാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ഷീബയും ഷാനവാസും രണ്ടര വയസ്സുള്ള മകൻ അജാസുമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഇരുവരും തമ്മിൽ സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി വഴക്കുണ്ടായതായി സമീപവാസികൾ പറയുന്നു. ഇതേത്തുടർന്ന് ഷാനവാസ് ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിനു ശേഷം പുലർച്ചെ സമീപവാസിയായ ബന്ധുവിനെ ഷാനവാസ് തന്നെ വിവരമറിയിച്ചു.
തുടർന്ന് അയാൾ അവിടെനിന്നു രക്ഷപ്പെട്ട് പാപ്പാല പുളിമ്പള്ളിക്കോണത്തെ ബന്ധുവീട്ടിലേക്കു പോയി. ബന്ധുക്കൾ വർക്കലയിലെ ബന്ധുവീട്ടിൽ കഴിയുകയായിരുന്ന മൂത്ത മകൻ അജ്മലിനെയും കിളിമാനൂർ പോലീസിനെയും വിവരമറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തുകയും തുടർന്നു നടത്തിയ അന്വേഷണത്തിൽ പുളിമ്പള്ളിക്കോണത്തുനിന്ന് ഷാനവാസിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഷീബയുടെ കഴുത്തിലും നെഞ്ചിലും തലയുടെ പിൻഭാഗത്തുമായി ആഴത്തിലുള്ള ഏഴു മുറിവുകളുണ്ടായിരുന്നു. ചിറയിൻകീഴ് സ്വദേശിനിയാണ് ഷീബ. ഷാനവാസ് കിളിമാനൂർ സ്വദേശിയും. ആയൂർ മഞ്ഞപ്പാറയിൽ താമസിച്ചുവരികയായിരുന്നു ഇവർ. അവിടെയുള്ള വസ്തും വീടും വിൽക്കുന്നതിനുവേണ്ടിയാണ് ആറ്റൂരിൽ വാടകവീട്ടിൽ താമസം തുടങ്ങിയത്.
വാടകവീടിനു സമീപത്തെ ഭൂമിയിൽ വീട് വയ്ക്കാനുള്ള തീരുമാനമുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. മൃതദേഹം മേൽനടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
Content Highlights:husband killed wife in kilimanoor