കോഴിക്കോട്: അത്തോളി വ്യാഴാഴ്ച ഉറക്കമുണര്‍ന്നത് നടുക്കുന്ന കൊലപാതക വാര്‍ത്ത കേട്ട്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭന(50)യെ ഭര്‍ത്താവ് കൃഷ്ണന്‍(59) തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വീട് വിട്ടിറങ്ങിയ കൃഷ്ണനെ മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ വ്യാഴാഴ്ച രാവിലെയാണ് തറവാട് വീടിന് സമീപത്തെ മരത്തില്‍ കൃഷ്ണനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. 

അര്‍ധരാത്രി 12 മണിയോടെയാണ് ഉറങ്ങുകയായിരുന്ന ശോഭനയെ കൃഷ്ണന്‍ മരത്തടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. രക്തം വാര്‍ന്നായിരുന്നു ശോഭനയുടെ മരണം. കിടപ്പുമുറിയിലാകെ രക്തം തളംകെട്ടിനിന്നിരുന്നു. കൊലപാതകം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. നിലവിളി ശബ്ദം കേട്ട് അയല്‍വാസികള്‍ വീട്ടില്‍ എത്തിയപ്പോഴേക്കും കൃഷ്ണന്‍ വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. വീട് വിട്ടിറങ്ങിയ കൃഷ്ണനെ നാട്ടുകാരും പോലീസും ചേര്‍ന്ന് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രാവിലെ തറവാട് വീടിന് സമീപത്തെ മരത്തില്‍ കൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

കുടുംബ പ്രശ്‌നമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസും നാട്ടുകാരും പറയുന്നു. വടകര റൂറല്‍ എസ്.പി.യുടെ നിര്‍ദേശപ്രകാരം ഫൊറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കൂരാച്ചുണ്ട്  ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറിന്റെ നിര്‍ദേശപ്രകാരം അത്തോളി എസ്.ഐ. ബാലചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രണ്ട് പേരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മക്കള്‍ രമ്യ (കൂത്താളി ) , ധന്യ (ചേളന്നൂര്‍ ) എരഞ്ഞിക്കല്‍ സ്വദേശിയാണ് ശോഭന.

Content Highlights: husband killed wife in atholi kozhikode