നാഗ്പുർ: ഭാര്യയെയും കാമുകനെന്ന് സംശയിക്കുന്ന യുവാവിനെയും വെട്ടിക്കൊന്ന 40-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നാഗ്പുർ കല്യാണേശ്വർനഗറിൽ താമസിക്കുന്ന ഛത്തീസ്ഗഢ് സ്വദേശി കുവാർലാൽ ബാരാമിയ്യയാണ് പിടിയിലായത്. ഇയാളുടെ ഭാര്യ കിരൺ(35) കാമുകനെന്ന് സംശയിക്കുന്ന ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ കൊലപാതകം. ഉറങ്ങിക്കിടന്ന ഭാര്യയെ കാണാതായപ്പോൾ കുവാർലാൽ വീട്ടിനകത്ത് പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് ഭാര്യയെയും യുവാവിനെയും ബാൽക്കണിയിൽ കാണാൻ പാടില്ലാത്ത രീതിയിൽ കണ്ടത്. കുപിതനായ ഇയാൾ ഉടൻതന്നെ വീട്ടിലുണ്ടായിരുന്ന കോടാലി കൊണ്ട് ഇരുവരെയും വെട്ടിക്കൊല്ലുകയായിരുന്നു. ബഹളം കേട്ടെത്തിയ അയൽവാസിയാണ് കൊലപാതകം നേരിട്ട് കണ്ടത്. തുടർന്ന് അയൽക്കാരൻ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി കുവാർലാലിനെ കസ്റ്റഡിയിലെടുത്തു.

പിടിയിലായ കുവാർലാലും കൊല്ലപ്പെട്ട കിരൺ, ശിവ എന്നിവരും ഒരേനാട്ടുകാരാണെന്ന് പോലീസ് പറഞ്ഞു. കുവാർലാലും ഭാര്യയും നാഗ്പുരിൽ ജോലിചെയ്തുവരികയാണ്. രണ്ട് ദിവസം മുമ്പാണ് ശിവ ഇവരുടെ വീട്ടിലെത്തിയത്. നാട്ടുകാരനായ ശിവയെ വീട്ടിൽ താമസിപ്പിക്കാൻ ഭാര്യയാണ് നിർബന്ധിച്ചതെന്നാണ് പ്രതിയുടെ മൊഴി.

Content Highlights:husband killed his wife and lover in nagpur