കാസര്‍കോട്: കാസര്‍കോട് കളക്ടറേറ്റിലെ താത്ക്കാലിക ജീവനക്കാരിയായ യുവതിയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് മൃതദേഹം പുഴയിലിട്ടത് പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞു കെട്ടി. ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കിയതാണ് ഇക്കാര്യം. കാസര്‍കോട് പന്നിപ്പാറയിലെ താമസക്കാരിയായ പ്രമീളയെയാണ് കൊലപ്പെടുത്തി പുഴയില്‍ താഴ്ത്തിയെന്നാണ് ഭര്‍ത്താവ് സെല്‍ജോ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മാസം ഇരുപതിനാണ് പ്രമീളയെ കാണാനില്ലെന്ന് സെല്‍ജോ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിനിടയില്‍ സെല്‍ജോയെ ചോദ്യം ചെയ്തപ്പോഴാണ് പ്രമീളയെ കൊലപ്പെടുത്തിയതായി അയാള്‍ മൊഴി നല്‍കിയത്. വാടക വീട്ടില്‍വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ദേശീയ പാതയിലെ തെക്കില്‍ പാലത്തില്‍ നിന്നും മൃതദേഹം പുഴയിലേക്ക് തള്ളിയിട്ടുവെന്നാണ് സെല്‍ജോയുടെ മൊഴി.
മൃതദേഹം പ്ലാസ്റ്റിക്ക് ചാക്കില്‍ പൊതിഞ്ഞ് കല്ലു കെട്ടിയാണ് പുഴയിലിട്ടതെന്ന് സെല്‍ജോ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. രാവിലെ സെല്‍ജോയെ സ്ഥലത്ത് എത്തിച്ച ശേഷം പൊലീസും, ഫയര്‍ ഫോഴ്‌സും തെരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ മൃതദേഹം ഇതു വരെ കണ്ടെത്താനായിട്ടില്ല. കൊല്ലം കുണ്ടറ സ്വദേശിയാണ് പ്രമീള. കണ്ണൂര്‍ ആലക്കോട് സ്വദേശിയായ സെല്‍ജോ 11 വര്‍ഷം മുന്‍പാണ് പ്രമീളയെ കല്യാണം കഴിക്കുന്നത്. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.
content highlights: husband killed wife in kasaragod