മുതുകുളം: യുവാവിനെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്തു വാടകയ്ക്കു താമസിച്ചുവന്ന കോട്ടയം ഈരാറ്റുപേട്ട നടക്കൽ തയ്യിൽ വീട്ടിൽ ടി.എ. മുഹമ്മദിന്റെ മകൻ അഷ്‌കറിനെ (അച്ചു-22)യാണു മുതുകുളത്തെ ഭാര്യവീട്ടിൽ മരിച്ചനിലയിൽ കണ്ടത്.

ആറുമാസം മുൻപ് എറണാകുളത്തുവെച്ചാണു മുതുകുളം ഒൻപതാം വാർഡ് കുറങ്ങാട്ടുചിറയിൽ മഞ്ജുവും അഷ്‌കറും വിവാഹിതരായത്. മഞ്ജുവിന്റെ രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് ഒരു മാസം മുൻപു സാമൂഹിക മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹശേഷം കുറച്ചുനാൾ എറണാകുളത്തായിരുന്ന ഇവർ മൂന്നുമാസം മുൻപാണു മഞ്ജുവിന്റെ വീട്ടിലെത്തുന്നത്. തുടർന്ന് അഷ്‌കർ മുതുകുളം വെട്ടത്തുമുക്കിലുള്ള കച്ചവട സ്ഥാപനത്തിൽ ജോലിചെയ്തു വരുകയായിരുന്നു.

ഞായറാഴ്ച രാവിലെ ആറുമണിയോടെ മൃതദേഹം കണ്ടതായാണു മഞ്ജുവും അമ്മ വിജയമ്മയും പോലീസിനു നൽകിയ മൊഴി. അഷ്‌കറിനു പുകവലിക്കുന്ന ശീലമുണ്ട്. ഇതിനായാണ് പുറത്തേക്കു പോയതെന്നും മൊഴി നൽകിയിട്ടുണ്ട്. വീടിനു പിൻവശത്തു വടക്കുപടിഞ്ഞാറു ഭാഗത്തുള്ള മുറിയോടു ചേർന്ന് പുറത്താണു മൃതദേഹം കണ്ടത്.

അച്ഛൻ മുഹമ്മദ് അടക്കമുള്ള ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചിട്ടുണ്ട്. മഞ്ജുവും അമ്മയും നൽകിയ മൊഴി പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. മൃതദേഹത്തിന്റെ കഴുത്തിന്റെഭാഗത്തു പാടുകൾ ഉണ്ട്.

ജനനേന്ദ്രിയത്തിനും സമീപത്തും രക്തക്കറയുമുണ്ട്. കനകക്കുന്ന് പോലീസാണ് മേൽനടപടികൾ സ്വീകരിച്ചത്. സയന്റിഫിക്, വിരലടയാള വിദഗ്‌ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കോവിഡ് പരിശോധനാഫലം വന്നശേഷം തിങ്കളാഴ്ചയേ മൃതദേഹ പരിശോധന നടത്തൂ. ഷിഫാനയാണു മരിച്ച അഷ്‌കറിന്റെ അമ്മ. സഹോദരങ്ങൾ: അജ്മൽ, ആദില, ആതിൽ.