ഹൈദരാബാദ്: ഭർത്താവ് ഷോപ്പിങ്ങിന് കൊണ്ടുപോകാത്തതിൽ മനംനൊന്ത് യുവതി രണ്ട് മക്കളുമായി തടാകത്തിൽചാടി ജീവനൊടുക്കി. ഹൈദരാബാദ് ജവഹർനഗർ സ്വദേശി നാഗേശ്വർ റാവുവിന്റെ ഭാര്യ നാഗമണി (27) മക്കളായ റൂബി (5) പാണ്ഡു (എട്ട് മാസം) എന്നിവരെയാണ് ചെന്നാപുർ തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടികളുമായി തടാകത്തില്‍ ചാടി നാഗമണി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ വിശദീകരണം.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നാഗമണി കുട്ടികളെയും കൂട്ടി വീടുവിട്ടിറങ്ങിയത്. ക്രിസ്മസ് പ്രമാണിച്ച് ഭർത്താവ് ഷോപ്പിങ്ങിന് കൊണ്ടുപോകാത്തതിനെച്ചൊല്ലി ദമ്പതിമാർക്കിടയിൽ വഴക്കുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും നാഗേശ്വർ റാവു ഷോപ്പിങ്ങിന് പോകണമെന്ന ആവശ്യം നിരസിച്ചു. നിരന്തരം ആവശ്യം ഉന്നയിച്ചതോടെ ഇനി ഇക്കാര്യം പറയരുതെന്നും ശാസിച്ചു. ഇതിനുപിന്നാലെയാണ് നാഗമണി കുട്ടികളെയും കൂട്ടി വീട്ടിൽനിന്നിറങ്ങിയത്.

എന്നാൽ രണ്ട് മണിക്കൂറോളമായിട്ടും ഭാര്യയും കുട്ടികളും വീട്ടിൽ തിരിച്ചെത്താതായതോടെ നാഗേശ്വർ റാവു പരിഭ്രാന്തനായി. ബന്ധുക്കളെ വിളിച്ച് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. രാത്രി മുഴുവൻ യുവതിയെയും കുട്ടികളെയും കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഞായറാഴ്ച രാവിലെയാണ് മൂവരുടെയും മൃതദേഹങ്ങൾ തടാകത്തിൽ കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും എത്തി മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചു. നാഗേശ്വർ റാവു ഹൈദരാബാദിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. സംഭവത്തിൽ കേസെടുത്തെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ജവഹർ നഗർ പോലീസും അറിയിച്ചു.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:husband declines shopping request woman ends her life with two children