ഹൈദരാബാദ്: മക്കളുടെ കണ്മുന്നില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഹൈദരാബാദ് ബീഗം ബസാറില്‍ താമസിക്കുന്ന മുഹമ്മദ് സാബിര്‍(35) ആണ് ഭാര്യ റുബീന(26)യെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 

കഴിഞ്ഞ ഏതാനും മാസങ്ങളായി ദമ്പതിമാര്‍ക്കിടയില്‍ കലഹം പതിവായിരുന്നതായി പോലീസ് പറഞ്ഞു. കുടുംബത്തിലെ മുതിര്‍ന്നവര്‍ ഇടപെട്ടാണ് ഇതെല്ലാം പരിഹരിച്ചിരുന്നത്. റുബീന മാതാപിതാക്കളുമായി സംസാരിക്കുമ്പോള്‍ തന്നെക്കുറിച്ച് കുറ്റം പറയുന്നതാണെന്ന് സാബിര്‍ സംശയിച്ചിരുന്നു. ഇതേചൊല്ലിയും ദമ്പതിമാര്‍ വഴക്കിട്ടിരുന്നു. വ്യാഴാഴ്ച രാത്രിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. അയല്‍ക്കാര്‍ ഇടപെട്ടാണ് തര്‍ക്കം അവസാനിപ്പിച്ചത്. 

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ദമ്പതിമാരുടെ ആറ് വയസ്സുകാരനായ മകനും അഞ്ച് വയസ്സുള്ള മകളും അമ്മ എഴുന്നേല്‍ക്കുന്നില്ലെന്ന് പറഞ്ഞതോടെയാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

മൂന്ന് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമാണ് ദമ്പതിമാര്‍ക്കുള്ളത്. സാബിര്‍ റുബീനയെ കൊലപ്പെടുത്തുമ്പോഴും ശേഷം തൂങ്ങിമരിക്കുമ്പോഴും ആറ് വയസ്സുള്ള മകനും അഞ്ച് വയസുള്ള മകളും ഉണര്‍ന്നിരിക്കുകയായിരുന്നു.  പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ഇതെല്ലാം സംഭവിച്ചത്. ഉറങ്ങുന്നതിനിടെയാണ് സാബിര്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ വീടിനകത്ത് തൂങ്ങിമരിക്കുകയും ചെയ്തു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ കഴിയാതിരുന്ന രണ്ട് മക്കളും ഇതെല്ലാം കണ്ട ശേഷം വീണ്ടും ഉറങ്ങി. രാവിലെ എത്ര വിളിച്ചിട്ടും അമ്മ എഴുന്നേല്‍ക്കാതിരുന്നതോടെയാണ് ഇവര്‍ കരഞ്ഞുകൊണ്ട് അയല്‍ക്കാരെ വിളിച്ചത്. 

പുലര്‍ച്ചെ വീടിനകത്ത് നടന്നതെല്ലാം കുട്ടികള്‍ വിവരിച്ചതായി ബീഗംബസാര്‍ ഇന്‍സ്‌പെക്ടര്‍ മധുമോഹന്‍ റെഡ്ഡി പറഞ്ഞു. കൊലപാതകവും ആത്മഹത്യയും നടക്കുമ്പോള്‍ ഒന്നും രണ്ടും വയസ്സുള്ള മറ്റ് രണ്ട് കുട്ടികള്‍ ഉറങ്ങുകയായിരുന്നു. വീട്ടില്‍നിന്ന് സാബിറിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തെങ്കിലും കൈയക്ഷരം വ്യക്തമല്ലെന്നും അതിനാല്‍ കാരണം കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: husband commits suicide after killing wife in front of their children