ബെംഗളൂരു: സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി. സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതരമായി പൊള്ളലേറ്റ 22-കാരിയെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു രാമമൂർത്തി നഗറിലാണ് സംഭവം.

പാൻ ഷോപ്പ് ഉടമയായ സൂരജ് എന്നയാളാണ് ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഒരുവർഷം മുമ്പാണ് 22-കാരിയായ യുവതിയും സൂരജും വിവാഹിതരായത്. അന്നുതൊട്ട് ഇയാൾ സ്ത്രീധന തുകയെ ചൊല്ലി വഴക്കിടുന്നതും ഉപദ്രവിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയും ഇതേച്ചൊല്ലി വഴക്കുണ്ടായി. വീട്ടിൽനിന്ന് കൂടുതൽ പണം വാങ്ങിനൽകണമെന്നായിരുന്നു ഭാര്യയോട് ആവശ്യപ്പെട്ടത്. എന്നാൽ ഭാര്യ ഇതിനെ എതിർക്കുകയും ഇതുവരെ തന്റെ മാതാപിതാക്കൾ നൽകിയതെല്ലാം തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് സൂരജ് ഭാര്യയെ തീകൊളുത്തിയത്.

കരച്ചിൽ കേട്ടെത്തിയ അയൽക്കാരാണ് തീയണച്ച് യുവതിയെ രക്ഷപ്പെടുത്തിയത്. അയൽക്കാർ വീട്ടിലേക്ക് വന്നതോടെ സൂരജും മാതാവും വീട്ടിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇരുവരെയും പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Content Highlights:husband burned wifes private parts over dowry clash in bengaluru