പാലക്കാട്: കഞ്ചിക്കോട് കുഞ്ഞിന്റെ തൊട്ടില്‍ക്കയറില്‍ തൂങ്ങിമരിച്ച നിലയില്‍ അമ്മയെ കണ്ടെത്തി. ഇവരുടെ ശരീരം താഴെയിറക്കി ആംബുലന്‍സിനായി കാത്തിരിക്കവേ ഇതേ കയറില്‍ കുഞ്ഞിന്റെ അച്ഛനും ജീവനൊടുക്കി. എലപ്പുള്ളി പി.കെ. ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23) എന്നിവരാണ് മരിച്ചത്.

നേതാജി നഗറില്‍ വാടകവീട്ടിലാണ് ഇരുവരും മകളുമൊത്ത് താമസിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് സംഭവം. ദൃശ്യ തൂങ്ങിമരിച്ചത് കണ്ട് മനുപ്രസാദ് കുഞ്ഞിനെയുമെടുത്ത് നിലവിളിച്ചുകൊണ്ട് താഴേക്ക് വരികയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. തുടര്‍ന്ന്, ആളുകള്‍ ഓടിക്കൂടി ദൃശ്യയെ കുരുക്ക് മാറ്റി താഴെക്കിടത്തി. ആംബുലന്‍സ് വരുന്നതിനായി എല്ലാവരും താഴെ വന്ന സമയത്ത് മനുപ്രസാദ് വാതില്‍ അകത്തുനിന്നും അടച്ച് അതേ കയറുപയോഗിച്ച് തൂങ്ങുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

അഗ്‌നിരക്ഷാസേനയെത്തി അകത്ത് കടന്നാണ് രണ്ടുപേരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.

മനുപ്രസാദിന് വര്‍ക് ഷോപ്പിലാണ് ജോലി. കുടുംബവഴക്കാണ് മരണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കസബ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: husband and wife commits suicide in palakkad