വർക്കല: ഒന്നര വയസ്സുള്ള മകളുമായി യുവതി വീട്ടുമുറ്റത്തെ കിണറ്റിൽച്ചാടി മരിച്ച കേസിൽ ആത്മഹത്യാ പ്രേരണയ്ക്ക് യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും അറസ്റ്റിൽ. താഴെവെട്ടൂർ ചരുവിളവീട്ടിൽ ഫസീലയുടെ മകൾ ആമിന(29), മകൾ നൂറ എന്നിവർ മരിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂൺ 11-ന് വൈകീട്ട് ആറു മണിയോടെയാണ് മകളുമായി ആമിന കിണറ്റിൽച്ചാടി മരിച്ചത്. ആമിനയുടെ ഭർത്താവ് മുഹമ്മദ് അലിയുടെ മാതാപിതാക്കളായ വെട്ടൂർ റാത്തിക്കൽ പുളിമുക്ക് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കിദ്വായി(61), റംലാബീവി(45), സഹോദരി മുഹ്‌സിന(30) എന്നിവരാണ് അറസ്റ്റിലായത്.

ആത്മഹത്യാ പ്രേരണ, ഭർതൃവീട്ടുകാരുടെ നിരന്തര പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് മൂവരെയും പിടികൂടിയത്. ആമിനയുടെ ഭർത്താവ് മുഹമ്മദ് അലി ഗൾഫിലാണ്. ഭാര്യയും മകളും മരിച്ചിട്ടും മുഹമ്മദ് അലി നാട്ടിലെത്തിയിരുന്നില്ല. ഇതേ വകുപ്പുകൾ പ്രകാരം മുഹമ്മദ് അലിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. 2015-ലായിരുന്നു ആമിനയുടെ വിവാഹം. അതിനുശേഷം നിരന്തരം ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും മാനസികവും ശാരീരികവുമായ പീഡനം ഏറ്റിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ചെലവിന് പണം നൽകുകയോ വീട്ടുകാരെക്കാണാൻ അനുവദിക്കുകയോ ഫോണിൽ സംസാരിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

ഭർതൃവീട്ടുകാരുടെ പീഡനത്തിനെതിരേ 2018-ൽ പോലീസിലും പരാതി നൽകിയിരുന്നു. മരണത്തിന് കാരണം ഭർതൃവീട്ടുകാരുടെ പീഡനമാണെന്ന് യുവതിയുടെ വീട്ടുകാരും പരാതി നൽകിയിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി. കെ.വിദ്യാധരന്റെ നേതൃത്വത്തിൽ വർക്കല ഇൻസ്പെക്ടർ ജി.ഗോപകുമാർ, എസ്.ഐ. ബി.കെ.അരുൺ, എ.എസ്.ഐ. അനിൽകുമാർ, വനിതാ പോലീസ് ഓഫീസർ അനുപമ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ കിദ്വായി 2017-ൽ പോക്‌സോ കേസിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlights: husband and relatives arrested for woman committing suicide with one and half year old child