ഗൂഡല്ലൂര്‍(തമിഴ്‌നാട്): സംരക്ഷിതവനത്തില്‍ ആയുധവുമായി വേട്ടയ്ക്കുപോയ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. എരുമാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കോണ്‍സ്റ്റബിള്‍ ഗൂഡല്ലൂര്‍ ധര്‍മഗിരി സ്വദേശി സിജുവിനെ (43) യാണ് ജില്ലാ പോലീസ് മേധാവി ആശിഷ് റാവത്ത് സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ പന്ത്രണ്ടാംതീയതിയാണ് സിജുവും സുഹൃത്തുക്കളും തോക്കുമായി വയനാട് മുത്തങ്ങാവനത്തില്‍ പ്രവേശിച്ചത്. ഹെഡ്ലൈറ്റും നാടന്‍തോക്കുമായി വനത്തിലൂടെ സിജു പോവുന്നത് ഇവിടങ്ങളില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട വയനാട് വന്യജീവിസങ്കേതത്തിലെ വനപാലകര്‍ കേസ് രജിസ്റ്റര്‍ചെയ്തു. വേട്ടക്കാരെ തിരിച്ചറിയുന്നതിനായി ക്യാമറദൃശ്യങ്ങള്‍ ഗൂഡല്ലൂര്‍ പോലീസിന് കൈമാറി. പോലീസ് പരിശോധനയിലാണ് തോക്കുമായി കാട്ടില്‍ നില്‍ക്കുന്നയാള്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആണെന്ന് തിരിച്ചറിഞ്ഞത്. സംഭവദിവസം സിജു എരുമാട് സ്റ്റേഷനിലെ ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടയാളായിരുന്നുവെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് സസ്പെന്‍ഷന്‍.