സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവിസങ്കേതത്തില്‍ തോക്കുമായി വേട്ടയ്ക്കിറങ്ങിയ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ പിടികൂടാന്‍ വനംവകുപ്പ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. തമിഴ്‌നാട് ഗൂഡല്ലൂര്‍ ധര്‍മഗിരി സ്വദേശിയും എരുമാട് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളുമായ ജെ. ഷിജു (43) വിനെ പിടികൂടാനാണ് അന്വേഷണോദ്യോഗസ്ഥനായ മുത്തങ്ങ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.പി. സുനില്‍കുമാറിന്റെ കീഴില്‍ രണ്ട് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്.

ഷിജുവിനൊപ്പം മറ്റാരുടെയും ചിത്രങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും ഇയാളുടെയൊപ്പം കൂടുതല്‍ പേരുണ്ടെന്നാണ് സംശയിക്കുന്നതെന്ന് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.പി. സുനില്‍കുമാര്‍ പറഞ്ഞു.

ഒളിവില്‍കഴിയുന്ന പ്രതിയെ കണ്ടെത്തുന്നതിനായി ശനിയാഴ്ചയും വനംവകുപ്പ് അന്വേഷണസംഘം തമിഴ്നാട്ടിലെത്തിയിരുന്നു. പ്രതിയുടെ വീട്ടിലും ഇയാള്‍ ജോലിചെയ്തിരുന്ന എരുമാട് പോലീസ് സ്റ്റേഷനിലുമെത്തി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു.

സെപ്റ്റംബര്‍ പത്തിന് പുലര്‍ച്ചെ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. മുത്തങ്ങ റെയ്ഞ്ചിലെ തോട്ടാമൂല സെക്ഷനിലെ മുണ്ടക്കൊല്ലി പൂമറ്റം വനമേഖലയിലാണ് ഷിജു തോക്കുമായി വേട്ടയ്ക്കിറങ്ങിയത്. കടുവ സെന്‍സസിനായി വനംവകുപ്പ് ഈ മേഖലയില്‍ സ്ഥാപിച്ച ക്യാമറ പരിശോധിച്ചപ്പോഴാണ് ജീന്‍സും ടീഷര്‍ട്ടും ധരിച്ച് ഹെഡ്ലെറ്റും കൈയില്‍ തോക്കും അരയില്‍ കത്തിയുമായി ഷിജു നടന്നുപോകുന്നതിന്റെ ചിത്രങ്ങള്‍ ലഭിച്ചത്. ഇരുട്ടില്‍, ക്യാമറയില്‍നിന്ന് ഫ്‌ലാഷ് അടിച്ചതോടെ വേട്ടയ്ക്കുള്ള ശ്രമം ഉപേക്ഷിച്ച് ഷിജു ഇവിടെനിന്ന് കടന്നുകളയുകയായിരുന്നു.

സെപ്റ്റംബര്‍ പത്തിനുതന്നെ വനംവകുപ്പ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ തിരിച്ചറിയാനായിരുന്നില്ല. ഏതാനും ദിവസംമുമ്പാണ് കാട്ടിനുള്ളില്‍ തോക്കുമായെത്തിയത് ഷിജുവാണെന്ന് വനംവകുപ്പ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് കേരളാ വനംവകുപ്പ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷിജുവിനെ കഴിഞ്ഞ ദിവസം നീലഗിരി ജില്ലാ പോലീസ് മേധാവി ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. മലയാളിയായ ഷിജു വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ സ്ഥിരതാമസമാക്കിയതാണ്.