നെന്മാറ: നെല്ലിയാമ്പതി റേഞ്ച് പോത്തുണ്ടി തളിപ്പാടത്ത് മാനിനെ വേട്ടയാടി ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. നിലമ്പൂര്‍ കരുവാരക്കുണ്ട് സ്വദേശികളായ മുഹമ്മദ് ഷാഫി (43), ഉമ്മര്‍ (44), സഹദ് (34), ജംഷീര്‍ (29) എന്നിവരാണ് നാലുമാസത്തിനു ശേഷം നെല്ലിയാമ്പതി റേഞ്ച് ഓഫീസര്‍ കെ.ആര്‍. കൃഷ്ണദാസിന് മുന്നില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്. പ്രതികളിലൊരാളായ മുഹമ്മദ് ഷാഫി പൂക്കോട്ടുപാടം പോലീസ് സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്.

കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികളെ രണ്ടുമാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. സി.സി.ടി.വി. ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ 10-നാണ് സംഭവം. മാനിനെ വേട്ടയാടി തലയും തോലും ഉപേക്ഷിച്ച് ഇറച്ചി കടത്തിക്കൊണ്ടുപോയെന്നാണ് കേസ്. അറസ്റ്റിലായ പ്രതികളെ ആലത്തൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

നെല്ലിയാമ്പതി റേഞ്ച് ഓഫീസര്‍ കെ.ആര്‍. കൃഷ്ണദാസിനെ കൂടാതെ പോത്തുണ്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി. ഗിരീഷ്, ബി. സജയകുമാര്‍, സി. രഞ്ജിത്ത്, ബി.ആര്‍. രഞ്ജിത്ത്, എം. മനു, വി. ഉണ്ണിക്കൃഷ്ണന്‍, കെ.എ. മഹേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.