കൊച്ചി: സ്വപ്ന സുരേഷിനെ കണ്ടെത്താൻ കസ്റ്റംസ്, കേരള പോലീസിന്റെ സഹായംതേടില്ല. സ്വപ്ന ഒളിവിൽപ്പോയ സാഹചര്യത്തിൽ ഇവരെ കണ്ടെത്താൻ പോലീസിന്റെ സഹായംതേടുമെന്ന് വിവരമുണ്ടായിരുന്നു. എന്നാൽ, ഇതിന്റെ ആവശ്യമില്ലെന്നും കേസിൽ പോലീസിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ്.
കസ്റ്റംസ് പിടിച്ചെടുത്ത സ്വർണം ലോക്കറിൽ
വിമാനത്താവളംവഴി കടത്താൻ ശ്രമിക്കുന്നതിനിടെ പിടിച്ചെടുത്ത സ്വർണം സൂക്ഷിച്ചിരിക്കുന്നത് കസ്റ്റംസിന്റെ ലോക്കറിൽ. അറസ്റ്റിലായ പ്രതിയെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കിയപ്പോൾ സ്വർണത്തിന്റെ അളവ് സംബന്ധിച്ച കാര്യങ്ങൾ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.
സ്വർണത്തിന്റെ പരിശോധനകളും നടത്തേണ്ടതുണ്ട്. അംഗീകൃത ഏജൻസികളെക്കൊണ്ടാകും സ്വർണത്തിന്റെ മാറ്റ് നോക്കി ഭാരവും എണ്ണവും രേഖപ്പെടുത്തുക. അടുത്ത ദിവസങ്ങളിൽ ഇതിനുള്ള നടപടികളുണ്ടാകുമെന്നാണു സൂചന.
Content Highlights:hunt for swapna suresh customs wont seek help from police