പോത്തന്‍കോട്: മടവൂര്‍പ്പാറ ഗുഹാ ക്ഷേത്രത്തിനടുത്ത് പുരയിടത്തിലെ കുറ്റിക്കാട്ടില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടത്തിന്റെ മറ്റു ഭാഗങ്ങളും കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ട് സ്ഥലമുടമ അജിത്കുമാര്‍ റബ്ബര്‍ മരങ്ങള്‍ക്കിടയിലെ കാട് വെട്ടിത്തെളിക്കെയാണ് ഇതു ശ്രദ്ധയില്‍പ്പെട്ടത്. അതിനടുത്ത് സ്ത്രീയുടെ വസ്ത്രങ്ങളും ചെരുപ്പും കണ്ടു. ഉടനെ പോലീസിനെ അറിയിച്ചു.

ഗുഹാക്ഷേത്രത്തോടുചേര്‍ന്നുള്ള സംരക്ഷിത പ്രദേശത്തിനടുത്താണ് 35 സെന്റുള്ള ഈ പുരയിടം. അതില്‍ മുകളറ്റത്തെ പാറക്കൂട്ടങ്ങള്‍ക്കടുത്താണ് അസ്ഥികൂടം കിടന്നത്.

പോത്തന്‍കോട് പോലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ആറുമാസം മുമ്പ് കാണാതായ കാട്ടായിക്കോണം പൂപ്പന്‍വിള വീട്ടില്‍ പരേതനായ രാഘവന്റെ ഭാര്യ കനകമ്മ (68) യുടെ അസ്ഥികൂടമാണെന്ന് പോലീസ് സംശയിക്കുന്നു.

സ്ഥലത്തെത്തിയ കനകമ്മയുടെ ബന്ധുക്കള്‍ സ്ഥലത്തുണ്ടായിരുന്ന വസ്ത്രങ്ങളും ചെരുപ്പും പഴ്‌സും തിരിച്ചറിഞ്ഞു. കനകമ്മയെ കാണാനില്ലെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 28-ന് ബന്ധുക്കള്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു.

കാണാതാകും മുമ്പ് കനകമ്മ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. അസ്ഥികൂടത്തിന്റെ കുറച്ചുഭാഗങ്ങള്‍ കണ്ടെത്താനുണ്ട്.

ഫൊറന്‍സിക് പരിശോധനാഫലം വരുകയും കാലപ്പഴക്കം തിട്ടപ്പെടുത്തുകയും കഴിഞ്ഞേ ആളെ തിരിച്ചറിയാനാകൂ.

അസ്ഥികൂടം കൂടുതല്‍ പരിശോധനകള്‍ക്കായി ഫൊറന്‍സിക് ലാബിലേക്ക് മാറ്റുമെന്ന് പോത്തന്‍കോട് സി.ഐ. ശ്യാമും എസ്.ഐ. വിനോദ് വിക്രമാദിത്യനും പറഞ്ഞു. ലോക്ഡൗണ്‍ തുടങ്ങിയതുമുതല്‍ നിര്‍ത്തിവെച്ച റബ്ബര്‍ ടാപ്പിങ് കഴിഞ്ഞ ദിവസമാണ് വീണ്ടും തുടങ്ങിയതെന്ന് സ്ഥലമുടമ പറഞ്ഞു.