ബെംഗളൂരു: പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലി നൽകാൻ ശ്രമിച്ചെന്ന പരാതിയിൽ അയൽവാസികളായ രണ്ടു സ്ത്രീകളുൾപ്പെടെ അഞ്ചു പേർക്കെതിരേ പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ നെലമംഗലയ്ക്കുസമീപം ഗാന്ധി ഗ്രാമത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രതികളെ കസ്റ്റഡിയിലെടുത്തു.

ഇവരുടെ പേരിൽ കർണാടക അന്ധവിശ്വാസ- ദുർമന്ത്രവാദ നിരോധനനിയമം (പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഹ്യൂമൻ ഈവിൾ പ്രാക്ടീസസ് ആൻഡ് ബ്ലാക്ക് മാജിക് ആക്ട്) അനുസരിച്ച് തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്ക് കേസെടുത്തു.

ബാധ ഒഴിപ്പിക്കുന്നതിന്റെ പേരിലാണ് അഞ്ചംഗ സംഘം പെൺകുട്ടിയെ ബലി നൽകാൻ ശ്രമിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ, പുതുതായി നിർമിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനകർമം നിർവഹിക്കാനാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി.

മുത്തശ്ശിക്കൊപ്പമായിരുന്നു നാലാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി താമസിച്ചിരുന്നത്. തൊഴിലാളികളായ മാതാപിതാക്കൾ മാഗഡിയിലാണ്. മുത്തശ്ശി വീട്ടിലില്ലാത്ത സമയത്താണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അയൽവാസികളായ സവിത്രമ്മയും മകൾ സൗമ്യയും പ്രസാദം നൽകാമെന്ന് പറഞ്ഞാണ് കുട്ടിയെ കൊണ്ടുപോയതെന്ന് പെൺകുട്ടിയുടെ അമ്മ പരാതിയിൽ പറഞ്ഞു. മുത്തശ്ശി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കാണാതായ കുട്ടിയെ സമീപത്തെ പാടത്ത് പ്രതികൾക്കൊപ്പം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെമേൽ പൂജകൾ നടത്തിയെന്ന് മൊഴി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.