തൃശ്ശൂര്‍: വലപ്പാട് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. വലപ്പാട് സെയ്ന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്കു മുന്നില്‍ അറയ്ക്കല്‍ നെല്ലിശ്ശേരി ജോര്‍ജിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജോര്‍ജിന്റെ മരുമകള്‍ റിനിയുടെ 60 പവന്‍ സ്വര്‍ണവും വജ്രമാലയും, മകള്‍ റോസ്മേരിയുടെ മൂന്നുപവന്‍ സ്വര്‍ണവുമാണ് മോഷണംപോയത്. വീട്ടുകാര്‍ പെരുന്നാളിനു പോയ സമയം നോക്കിയാണ് കവര്‍ച്ച. ബുധനാഴ്ച 12-നും 12.45-നും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. വീടിന്റെ അടുക്കളവാതില്‍ തള്ളിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. രണ്ടുപേരുടെ ദൃശ്യങ്ങളാണ് സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുള്ളത്.
ബുധനാഴ്ച രാവിലെ 11.45-ഓടെ ജോര്‍ജും കുടുംബവും ഏങ്ങണ്ടിയൂര്‍ സെയ്ന്റ് തോമസ് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് മരുമകള്‍ റിനിയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. വൈകീട്ട് അഞ്ചേകാലോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് അഞ്ചരയോടെ ജോര്‍ജിന്റെ മകന്‍ സെബി മുകള്‍നിലയിലെ കിടപ്പുമുറിയിലെത്തിയപ്പോഴാണ് കവര്‍ച്ചവിവരം അറിയുന്നത്. മുകള്‍നിലയിലെ രണ്ട് അലമാരകളില്‍ ഒന്ന് കുത്തിത്തുറന്ന് താക്കോല്‍ എടുത്താണ് സ്വര്‍ണം വെച്ചിരുന്ന അലമാര തുറന്നത്.
താഴത്തെ നിലയില്‍ ജോര്‍ജിന്റെ കിടപ്പുമുറിയിലെ അലമാര തുറന്നിട്ടുണ്ടെങ്കിലും ഇതില്‍നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് വെള്ള ഷര്‍ട്ടും നീല പാന്റ്സും ധരിച്ചയാള്‍ വീട്ടിലേക്ക് കയറുന്നത് ദൃശ്യങ്ങളിലുണ്ട്.
വീട്ടുകാര്‍ പുറത്തുപോകുമ്പോള്‍ ഇയാള്‍ വീടിന് സമീപത്ത് ഫോണ്‍ചെയ്ത് നിന്നിരുന്നതായി വീട്ടുകാര്‍ കണ്ടിരുന്നു. പിന്നീടുള്ള ദൃശ്യങ്ങളില്‍ മറ്റൊരാള്‍ മോട്ടോര്‍ സൈക്കിളില്‍ സെബിയുടെ കടയുടെ അല്പം കിഴക്ക് മാറി നിന്നിരുന്നു. തിരിച്ചുപോയ ഇയാള്‍ പള്ളിയങ്ങാടിയിലൂടെ പള്ളിക്ക് മുന്നിലെത്തി. മോഷണം നടത്തിയയാള്‍ ഈ മോട്ടോര്‍ സൈക്കിളില്‍ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.ആര്‍. രാജേഷ്, വലപ്പാട് എസ്.എച്ച്.ഒ. കെ. സുമേഷ്, എസ്.ഐ. വി.പി. അരിസ്റ്റോട്ടില്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വലപ്പാട് പള്ളിക്ക് സമീപം ജോര്‍ജിന്റെ മകന്‍ സെബി നടത്തുന്ന എ.എന്‍.ജി. ട്രേഡേഴ്സില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണക്യാമറ പോലീസ് പരിശോധിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ധരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും വ്യാഴാഴ്ച സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കും.
ഗുരുവായൂരില്‍ വിദേശ കറന്‍സി പിടികൂടി
തൃശ്ശൂര്‍: ഗുരുവായൂരിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 1.28 കോടി വിലമതിക്കുന്ന വിദേശ കറന്‍സി കസ്റ്റംസ് പ്രിവെന്റീവ് ഡിവിഷന്‍ പിടികൂടി. കണക്കില്‍പ്പെടാത്ത 44.56 ലക്ഷത്തിന്റെ ഇന്ത്യന്‍ കറന്‍സിയും പിടിച്ചെടുത്തു.
സ്ഥാപനത്തിലും സ്ഥാപന ഉടമയുടെ വീട്ടിലും ഒളിപ്പിച്ചനിലയിലായിരുന്നു കറന്‍സികള്‍. പത്തില്‍പരം രാജ്യങ്ങളിലെ കറന്‍സികള്‍ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഫോറിന്‍ മണി എക്‌സ്‌ചേഞ്ചിനായി എന്നപോലെയാണ് വിദേശ കറന്‍സി സൂക്ഷിച്ചിരുന്നത്. എന്നാല്‍, സ്ഥാപനത്തിന് ഫോറിന്‍ കറന്‍സി എക്‌സ്‌ചേഞ്ചിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല.
വിദേശത്തുനിന്ന് വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്താനാണ് പണം ഉപയോഗിച്ചിരുന്നതെന്നാണ് നിഗമനം.
ബുധനാഴ്ച രാവിലെ സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും നടത്തിയ റെയ്ഡ് വൈകീട്ടാണ് സമാപിച്ചത്. സംഭവത്തെപ്പറ്റി കസ്റ്റംസ് പ്രിവെന്റീവ് ഡിവിഷന്‍ വിശദമായ അന്വേഷണം നടത്തുകയാണ്.
Content Highlights: huge theft in valappad thrissur