ന്യൂഡൽഹി: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി തോക്ക് ചൂണ്ടി പണവും സ്വർണവും കവർന്നു. വെസ്റ്റ് ഡൽഹി ഉത്തംനഗറിലെ വിനോദ് എന്നയാളുടെ വീട്ടിലാണ് നാലംഗസംഘം വീട്ടുകാരെ ബന്ദിയാക്കി കവർച്ച നടത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 2:15-ഓടെയായിരുന്നു സംഭവം.

രണ്ട് സ്കൂട്ടറുകളിലായാണ് നാലംഗസംഘം വിനോദിന്റെ വീട്ടിലെത്തിയത്. ഈ സമയം വിനോദിന്റെ ഭാര്യ സീമ, നാലും മൂന്നും വയസ്സുള്ള മക്കൾ, അമ്മ, ഭാര്യാസഹോദരൻ സച്ചിൻ എന്നിവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാസ്ക് ധരിച്ചെത്തിയ സംഘം വൈദ്യുതി വകുപ്പിലെ ഇലക്ട്രീഷ്യന്മാരെന്നാണ് പരിചയപ്പെടുത്തിയത്. ഇവരിൽ ഒരാൾ ഹെൽമെറ്റും മറ്റൊരാൾ തൊപ്പിയും ധരിച്ചിരുന്നു. വീട്ടിൽ വൈദ്യുതി തകരാറുണ്ടെന്നും അത് പരിഹരിക്കാൻ വന്നതാണെന്നും സംഘത്തിലൊരാൾ സീമയോട് പറഞ്ഞു. തുടർന്ന് ഇയാൾ വീടിനകത്ത് കയറുകയും കൈയിലുണ്ടായിരുന്ന തോക്ക് ചൂണ്ടി സീമയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിന്നാലെ സംഘത്തിലെ മറ്റുള്ളവരും വീടിനകത്തേക്ക് ഇരച്ചുകയറി.

നാലംഗസംഘത്തെ കണ്ട് വീട്ടിലുണ്ടായിരുന്ന കുട്ടികൾ ഭയന്ന് കരഞ്ഞു. ഇവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ഭക്ഷണം കഴിക്കുകയായിരുന്ന സച്ചിനെ അക്രമികൾ കീഴ്പ്പെടുത്തി കൈകൾ പിന്നിൽ കെട്ടിയിട്ട് തറയിൽ കിടത്തി. മറ്റുള്ളവരോട് ഒച്ചവെയ്ക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് വീട്ടിൽ കവർച്ച നടത്തിയത്.

ഇലക്ട്രോണിക്ക് ലോക്കറിന്റെ പാസ് വേഡ് സീമയിൽനിന്ന് ഭീഷണിപ്പെടുത്തി കൈക്കലാക്കിയ സംഘം ഇതിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കവർന്നു. ഉപദ്രവിക്കുമെന്ന ഭയത്താൽ സീമ എല്ലാ പാസ് വേഡുകളും കൈമാറുകയായിരുന്നു. വിനോദിന്റെ അമ്മ ധരിച്ചിരുന്ന മാലയും തോക്ക് ചൂണ്ടി കൈക്കലാക്കി. ഏകദേശം എട്ട് ലക്ഷം രൂപയും ഒട്ടേറെ സ്വർണാഭരണങ്ങളുമാണ് പ്രതികൾ കവർന്നത്. ഇതിൽ രണ്ട് മാലകൾ, മൂന്ന് മോതിരങ്ങൾ, മൂന്ന് കമ്മലുകൾ തുടങ്ങിയവ ഉൾപ്പെട്ടതായി കുടുംബാംഗങ്ങൾ പറഞ്ഞു.

നാലംഗസംഘം കവർച്ച നടത്തി മടങ്ങിയ ശേഷം 3.30-ഓടെയാണ് ഇതുസംബന്ധിച്ച് പോലീസ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുന്നത്. ഉടൻതന്നെ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിലെ സിസിടിവിയിൽനിന്ന് പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറുന്നതിന്റെയും വീട്ടുകാരെ ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിരുന്നു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നതെന്നും ദ്വാരക ഡെപ്യൂട്ടി കമ്മീഷണർ സന്തോഷ് കുമാർ മീണ പറഞ്ഞു.

Content Highlights: