ആറ്റിങ്ങല്‍: കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളംചോദിച്ചെത്തിയ നാടോടിസ്ത്രീകള്‍ ഗൃഹനാഥനെ കബളിപ്പിച്ച് 43 പവന്‍ മോഷ്ടിച്ച് കടന്നു. പരാതി കിട്ടിയയുടന്‍ അന്വേഷണം തുടങ്ങിയ പോലീസ് രണ്ടുമണിക്കൂറിനുള്ളില്‍ പ്രതികളെ സ്വര്‍ണവുമായി കൊല്ലത്തുനിന്ന് കസ്റ്റഡിയിലെടുത്തു.

ആറ്റിങ്ങല്‍ ഗവ. ബി.എച്ച്.എസ്.എസിനു സമീപം രുക്മിണിയില്‍ രാധാകൃഷ്ണന്‍നായരുടെ വീട്ടിലാണ് മോഷണം നടന്നത്. തമിഴ്നാട്ടുകാരികളായ ബാലാമണി(28), രാധ(23), ജ്യോതി(35), കൃഷ്ണമ്മ(30), മസാനി(30) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം നാല് കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു.

ഉച്ചയോടെ കുഞ്ഞുങ്ങളുമായെത്തിയ നാല് നാടോടിസ്ത്രീകള്‍ വീടിന്റെ വാതിലില്‍ മുട്ടിവിളിച്ചു. രാധാകൃഷ്ണന്‍നായര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാതില്‍ തുറന്നപ്പോള്‍ കുഞ്ഞുങ്ങള്‍ക്കു കുടിക്കാന്‍ കൊടുക്കാന്‍ വെള്ളംചോദിച്ചു. രാധാകൃഷ്ണന്‍നായര്‍ വെള്ളമെടുക്കാന്‍ അകത്തുപോയ തക്കത്തിന് സംഘത്തിലുണ്ടായിരുന്ന ഒരാള്‍ വീടിനുള്ളില്‍ കടന്ന് മോഷണം നടത്തുകയായിരുന്നു.

സ്ത്രീകള്‍ പൊയ്ക്കഴിഞ്ഞ് രാധാകൃഷ്ണന്‍നായര്‍ അടുക്കളഭാഗത്തെത്തിയപ്പോഴാണ് അടുക്കളവാതില്‍ പുറത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നതു കണ്ടത്. ഉടന്‍തന്നെ വീട് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതറിഞ്ഞത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വിവരം ലഭിച്ചയുടനെ ഡിവൈ.എസ്.പി. പി.അനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ഒ.എ.സുനിലിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. നാടോടികള്‍ ഓട്ടോറിക്ഷയിലാണ് ആറ്റിങ്ങലില്‍നിന്നു പോയതെന്നറിഞ്ഞതിനെത്തുടര്‍ന്ന് എസ്.ഐ. തന്‍സീം അബ്ദുല്‍സമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഓട്ടോഡ്രൈവറെ കണ്ടെത്തി. പിന്നീട് കൊല്ലം വരെയുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശമയച്ചു.

ആറ്റിങ്ങലില്‍നിന്ന് ഓട്ടോറിക്ഷയില്‍ കല്ലമ്പലത്തെത്തിയ പ്രതികള്‍ അവിടെനിന്നു മറ്റൊരു ഓട്ടോയില്‍ കല്ലുവാതുക്കലും അവിടെനിന്ന് മൂന്നാമതൊരു ഓട്ടോയില്‍ക്കയറി കൊല്ലം െറയില്‍വേസ്റ്റേഷനിലുമെത്തി. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസും ഷാഡോ സംഘവും റെയില്‍വേ സ്റ്റേഷനില്‍ ഇവരെ നിരീക്ഷണത്തിലാക്കുകയും ആറ്റിങ്ങലില്‍ നിന്നെത്തിയ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ ഇവര്‍ നിന്നിരുന്നതിനടുത്തായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

പ്രതികളുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കുഞ്ഞുങ്ങള്‍ ഇവരുടേതാണോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

Content Highlights: huge gold theft in attingal thiruvananthapuram, tamilnadu women arrested