മോസ്‌കോ: സൈബീരയയിലെ ജയിലില്‍ വന്‍ കലാപം. തടവുകാരും സുരക്ഷാജീവനക്കാരും ഏറ്റുമുട്ടിയതിന് പിന്നാലെ ജയിലിന് തീയിട്ടു. മോസ്‌കോയില്‍നിന്ന് 4000 കിലോമീറ്റര്‍ അകലെ അങ്കാര്‍സ്‌കിലെ ജയിലിലാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. 

സ്വയം മുറിവേല്‍പ്പിച്ച തടവുകാരനെ സഹായിക്കുന്നതിനിടെ ഒരു സുരക്ഷാ ജീവനക്കാരനെ തടവുകാര്‍ ആക്രമിച്ചെന്നും ഇതിനു പിന്നാലെ തടവുകാര്‍ സ്വയം മുറിവേല്‍പ്പിക്കുകയും കലാപം അഴിച്ചുവിടുകയും ചെയ്‌തെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ജയിലിലെ സുരക്ഷാ ജീവനക്കാര്‍ തടവുകാരെ ക്രൂരമായി മര്‍ദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായാണ് 17 തടവുകാര്‍ കൈഞരമ്പ് മുറിച്ചതെന്നും ഇവരെപ്പോലും ക്രൂരമായി ആക്രമിച്ചെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. കൈകളില്‍ പരിക്കേറ്റ് ബാന്‍ഡേജ് ചുറ്റിയ ചില തടവുകാരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവത്തിന് പിന്നാലെ റഷ്യയിലെ ചില മനുഷ്യാവകാശ സംഘടനകളുടെ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

കലാപത്തിന് പിന്നാലെ ജയില്‍വളപ്പിലെ മൂന്ന് കെട്ടിടങ്ങളിലാണ് തീപിടുത്തമുണ്ടായത്. കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ തടവുകാര്‍ തന്നെ കെട്ടിടങ്ങള്‍ തീയിട്ടെന്നാണ് വിവരം. ജയില്‍വളപ്പില്‍ തടവുകാര്‍ ജോലിചെയ്യുന്ന കെട്ടിടങ്ങളാണ് കത്തിനശിച്ചത്. സൈബീരിയയിലെ അങ്കാര്‍സ്‌കില്‍ സ്ഥിതിചെയ്യുന്ന ജയിലില്‍ ഏകദേശം 12000 ഓളം തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ജയിലും പരിസരവും വന്‍ പോലീസ് സംഘം വളഞ്ഞിരിക്കുകയാണ്. 

Content Highlights: huge fire after riot in russian jail