ബെംഗളൂരു: നഗരത്തിലെ വൻ ലഹരിവേട്ടയ്ക്ക് പിന്നാലെ സിനിമാതാരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. വിവിധയിടങ്ങളിൽനിന്ന് വൻതോതിൽ ലഹരിമരുന്നുകൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് അന്വേഷണം സിനിമാരംഗത്തേക്കും കടന്നിരിക്കുന്നത്. കന്നഡ സിനിമയിലെ പ്രമുഖ താരങ്ങളും സംഗീതജ്ഞരും ചില ഉന്നതരുടെ മക്കളും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ കെ.പി.എസ്. മൽഹോത്ര മാധ്യമങ്ങളോട് പറഞ്ഞു.

കർണാടകത്തിലെ സീരിയൽ-ടി.വി. താരം അനിഖ ഉൾപ്പെടെ മൂന്ന് പേരെയാണ് ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നത്. ഓഗസ്റ്റ് 21-ന് കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് ഹോട്ടലിൽനിന്ന് 145 എംഡിഎംഎ ലഹരിഗുളികകളാണ് പിടിച്ചെടുത്തത്. ഇതിന്റെ തുടർച്ചയായി നടത്തിയ റെയ്‌ഡിൽ അനിഖയുടെ വീട്ടിൽനിന്ന് 270 എംഡിഎംഎ ലഹരിഗുളികകളും ബെംഗളൂരു നിക്കൂ ഹോംസിലെ വീട്ടിൽനിന്ന് 180 എൽഎസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തു.

അനിഖയ്ക്കൊപ്പം പിടിയിലായ രവീന്ദ്രനും അനൂപുമാണ് ലഹരിമരുന്നിന്റെ പ്രധാന വിതരണക്കാർ. ഓൺലൈൻ വഴി ബുക്കിങ് സ്വീകരിച്ചായിരുന്നു വിൽപന. നേരത്തെ സീരിയൽ-ടി.വി. രംഗത്തുണ്ടായിരുന്ന അനിഖയും ഇവർക്കൊപ്പം ചേർന്നതോടെ വ്യാപാരം കൊഴുത്തു. അനിഖയുടെ ബന്ധങ്ങൾ ഉപയോഗിച്ച് സിനിമാമേഖലയിലേക്കും വിൽപന വ്യാപിപ്പിക്കുകയായിരുന്നു.

രവീന്ദ്രന്റെ ഫോണിൽനിന്ന് രണ്ടായിരത്തോളം പേരുടെ ഫോൺ നമ്പറുകളാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെടുത്തത്. ഇതിൽ കന്നഡ സിനിമാ താരങ്ങളും പ്രമുഖ സംഗീതജ്ഞരും വി.ഐ.പി.കളുടെ മക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല, നഗരത്തിലെ നിരവധി കോളേജ് വിദ്യാർഥികൾക്കും ഇവർ ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നു. പിടിയിലായ മൂന്നംഗ സംഘത്തിൽനിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്ന എല്ലാവരെയും കണ്ടെത്താനാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ശ്രമം.

അതിനിടെ, വ്യാഴാഴ്ച ബെംഗളൂരുവിൽ മറ്റൊരിടത്ത് 204 കിലോ കഞ്ചാവ് പിടികൂടി. ബെംഗളൂരു, മൈസൂരു മേഖലകളിലേക്ക് വിതരണത്തിന് എത്തിച്ച കഞ്ചാവാണ് സിറ്റി ക്രൈംബ്രാഞ്ചിന്റെ ആന്റി നാർകോട്ടിക്സ് വിഭാഗം പിടിച്ചെടുത്തത്.

Content Highlights:huge drug racket busted in bengaluru raids in various places actors and musicians under scanner