ന്യൂഡൽഹി: ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഒളിമ്പിക് മെഡൽ ജേതാവും ഗുസ്തി താരവുമായ സുശീൽകുമാർ പോലീസിനെ വെട്ടിച്ച് കഴിഞ്ഞത് 18 ദിവസം. മെയ് നാലിനാണ് ഡൽഹി ഛാത്രസാൽ സ്റ്റേഡിയത്തിൽവെച്ച് ഗുസ്തി താരമായ സാഗർ റാണ കൊല്ലപ്പെട്ടത്. സംഭവത്തിൽ സുശീൽകുമാറിനും പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. എന്നാൽ രണ്ടാഴ്ചയിലേറെ പോലീസിനെ കബളിപ്പിച്ച് വിവിധയിടങ്ങളിലായി സുശീൽകുമാർ ഒളിവിൽ കഴിയുകയായിരുന്നു.

മെയ് നാലിന് ഛത്രസാൽ സ്റ്റേഡിയത്തിലുണ്ടായ സംഘർഷത്തിനിടെ സാഗർ റാണ കൊലപ്പെട്ടത്തോടെ സുശീൽകുമാറും കൂട്ടാളിയായ അജയ് കുമാറും ഒളിവിൽപോയെന്നാണ് പോലീസ് പറയുന്നത്. കൃത്യം നടത്തിയ ശേഷം നേരേ ഹരിദ്വാറിലേക്കാണ് ഇരുവരും മുങ്ങിയത്. പോലീസിന്റെ കണ്ണിൽപ്പെടാതിരിക്കാൻ പല സ്ഥലങ്ങളിലായി മാറിമാറി താമസിച്ചു.

ഋഷികേശിലെ ഒരു ആശ്രമത്തിലായിരുന്നു കുറച്ചുദിവസത്തെ താമസം. പിന്നീട് തിരികെ ഡൽഹിയിലെത്തി. ഈ യാത്രയിൽ മീററ്റിലെ ടോൾപ്ലാസ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഡൽഹിയിൽനിന്ന് ഹരിയാണയിലെ ബഹാദൂർഘട്ടിലേക്കാണ് ഇരുവരും പിന്നീട് മുങ്ങിയത്. അവിടെനിന്ന് ചണ്ഡീഗഢിലേക്കും പഞ്ചാബിലെ ഭട്ടിൻഡയിലേക്കും പോയി. പിന്നീട് ചണ്ഡീഗഢിൽനിന്ന് ഗുരുഗ്രാമിലെത്തി. അവിടെനിന്നാണ് വെസ്റ്റ് ഡൽഹിയിലേക്ക് വന്നത്. ഇതിനിടെ കാർ ഉപേക്ഷിച്ച ഇരുവരും യാത്ര സ്കൂട്ടറിലാക്കിയിരുന്നു. സ്കൂട്ടറിൽ യാത്രചെയ്യുമ്പോഴാണ് ഇരുവരെയും വെസ്റ്റ് ഡൽഹിയിലെ മുണ്ട്ക ടൗണിൽവെച്ച് പോലീസ് പിടികൂടിയത്.

ഇത്രയുംദിവസത്തിനിടെ ഏകദേശം അഞ്ച് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് സുശീൽകുമാർ പലദിവസങ്ങളിലായി ഒളിവിൽ താമസിച്ചത്. പോലീസിന്റെ പിടിയിലാകാതിരിക്കാൻ സിം കാർഡുകളും മാറിമാറി ഉപയോഗിച്ചു.

നേരത്തെ കേസിൽ മുൻകൂർജാമ്യത്തിനായി സുശീൽകുമാർ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. സുശീൽകുമാറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

സാഗർ റാണയുടെ മരണവുമായി ബന്ധപ്പെട്ട് കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സുശീലിനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റുള്ള ഗുസ്തി താരങ്ങളുടെ മുന്നിൽവെച്ച് സാഗർ റാണ സുശീലിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. സാഗറിനെ ഒരു പാഠംപഠിപ്പിക്കാൻ തീരുമാനിച്ച സുശീലും കൂട്ടരും ഇദ്ദേഹത്തെ വീട്ടിൽനിന്ന് കടത്തിക്കൊണ്ടുവന്ന് സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയയിൽവെച്ച് മർദിക്കുകയായിരുന്നു. മർദനമേറ്റ സാഗർ റാണ പിന്നീട് മരിച്ചു. സാഗറിന്റെ സുഹൃത്തുക്കളായ രണ്ടുപേർക്കും മർദനത്തിൽ പരിക്കേറ്റിരുന്നു.

Content Highlights:how sushil kumar evade arrest in murder case